സോഷ്യൽ മീഡിയക്ക് പൂട്ടിടാൻ യുകെ; 16 വയസ്സിൽ താഴെയുള്ളവർക്ക് സമ്പൂർണ വിലക്ക് വരുന്നു.
ലണ്ടൻ: കുട്ടികളുടെ സുരക്ഷിതത്വം മുൻനിർത്തി സോഷ്യൽ മീഡിയ ഉപയോഗത്തിൽ വിപ്ലവകരമായ നിയന്ത്രണങ്ങളേർപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ ഒരുങ്ങുന്നു. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്ടോക്, ഇൻസ്റ്റാഗ്രാം, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കുന്നതിനാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സമ്പൂർണ വിലക്കേർപ്പെടുത്തുന്നത്.
ഓസ്‌ട്രേലിയ നിലവിൽ നടപ്പിലാക്കിയ നിയമത്തേക്കാൾ കർശനമായ ‘ഓസ്‌ട്രേലിയ പ്ലസ്’ മാതൃകയിലാണ് യുകെ ഈ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.സോഷ്യൽ മീഡിയ വിലക്കിന് പുറമെ ഓൺലൈൻ ഗെയിമിങ് ആപ്പുകളിലൂടെ അപരിചിതരുമായി സംസാരിക്കുന്നതിനും കുട്ടികൾക്ക് വിലക്കുണ്ടാകും.
കൂടാതെ 18 വയസ്സിന് താഴെയുള്ള കൗമാരക്കാർ രാത്രി 8.30-ന് ശേഷം ഫോണുകളിൽ ‘ഇൻഫിനിറ്റ് സ്ക്രോളിങ്’ നടത്തുന്നത് തടയാനും, റൊമാന്റിക്-ലൈംഗിക സ്വഭാവമുള്ള എഐ (AI) ചാറ്റ്‌ബോട്ടുകൾ ഉപയോഗിക്കുന്നത് തടയാനും കർശന നിയമങ്ങൾ വരുന്നുണ്ട്. കുട്ടികളെ അഡിക്ഷനിൽ നിന്നും ഓൺലൈൻ ചതിക്കുഴികളിൽ നിന്നും രക്ഷിക്കുകയാണ് ഈ കടുത്ത നടപടിയുടെ ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.