സെലെൻസ്കിയെ കൈവിട്ട് ട്രംപ്; റഷ്യൻ എണ്ണശാലകൾക്ക് നേരെയുള്ള ആക്രമണം അപമാനകരമെന്ന് വിമർശനം!
ബെൽജിയം: റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ ആക്രമണം പുനരാരംഭിച്ച ഉക്രെയ്ൻ നടപടിയെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയുടെ ഈ നീക്കം ആഗോളതലത്തിൽ ഡീസൽ വില വർദ്ധിക്കാൻ കാരണമാകുമെന്നും ഇത് അപമാനകരമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. താത്കാലികമായി പ്രഖ്യാപിച്ച ഇന്ധന വെടിനിർത്തൽ കരാർ തകർന്നതിന് പിന്നാലെയാണ് അമേരിക്കൻ ഭരണകൂടവും ഉക്രെയ്നും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്.
റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സെലെൻസ്കിയുമായി ചേർന്നുപോകാൻ ബുദ്ധിമുട്ടാണെന്ന് ട്രംപ് തുറന്നടിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനേക്കാൾ കടുപ്പക്കാരനാണ് സെലെൻസ്കിയെന്നാണ് തന്റെ അനുഭവം എന്നും ട്രംപ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ആഗോള വിപണിയിലേക്ക് റഷ്യ ഡീസൽ ലഭ്യമാക്കുന്നതിന് പകരമായി റഷ്യയ്ക്ക് മേലുള്ള ചില ഉപരോധങ്ങൾ അമേരിക്ക പിൻവലിച്ചതിനെ സെലെൻസ്കി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.
അതേസമയം, ട്രംപിന്റെ വിമർശനങ്ങൾക്കിടയിലും യൂറോപ്യൻ യൂണിയൻ ഉക്രെയ്ന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉക്രെയ്ന് ആവശ്യമായ എല്ലാ സൈനിക നയതന്ത്ര സഹായങ്ങളും തുടരുമെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഇയു കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും ഉറപ്പുനൽകി. റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
അമേരിക്കൻ പിന്തുണയിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും, തങ്ങൾ ഒറ്റയ്ക്കല്ലെന്നും യൂറോപ്പിന്റെ സഹായം വലിയ ആശ്വാസമാണെന്നും സെലെൻസ്കി പ്രതികരിച്ചു. ഉക്രെയ്നിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ റഷ്യ ഇപ്പോഴും വൻതോതിൽ ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണെന്നും, സമാധാന ചർച്ചകൾക്ക് റഷ്യ തയ്യാറാണെന്നതിന്റെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.