സിഖ് ആക്ടിവിസ്റ്റ് മൊനിന്ദർ സിങ്ങിന് ജീവന് ഭീഷണി: സുരക്ഷ ഉറപ്പാക്കാൻ കാനഡയോട് യുഎൻ വിദഗ്ധർ.
ഒട്ടാവ: സിഖ് അവകാശ പ്രവർത്തകൻ മൊനിന്ദർ സിങ്ങിന്റെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്നും അദ്ദേഹത്തിന് അടിയന്തര സുരക്ഷ ഉറപ്പാക്കണമെന്നും കാനഡ സർക്കാരിനോട് യുഎൻ മനുഷ്യാവകാശ വിദഗ്ധർ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളും പ്രതികാര നടപടികളും ചൂണ്ടിക്കാട്ടിയാണ് അഞ്ച് യുഎൻ സ്വതന്ത്ര വിദഗ്ധർ കാനഡയ്ക്ക് മുന്നറിയിപ്പ് നൽകിയത്.
2022 മുതൽ മൊനിന്ദർ സിങ്ങിന്റെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി കനേഡിയൻ അധികൃതർ നാല് തവണ ‘ഡ്യൂട്ടി ടു വാൺ’ (Duty to Warn) നോട്ടീസ് നൽകിയിട്ടുണ്ട്. മൊനിന്ദർ സിങ്ങിനും കുടുംബത്തിനും ആവശ്യമായ സംരക്ഷണം നൽകണമെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യുഎൻ വിദഗ്ധർ അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സിഖ് പ്രക്ഷോഭകരെ ലക്ഷ്യമിട്ട് ഇന്ത്യൻ അധികൃതർ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഈ ഭീഷണിയെന്ന് യുഎൻ കത്ത് ആരോപിക്കുന്നു. 2023-ൽ വാൻകൂവറിൽ വെടിയേറ്റ് കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജാറിന്റെ അടുത്ത സുഹൃത്താണ് 44-കാരനായ മൊനിന്ദർ സിങ്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജൻസികളാണെന്ന് കാനഡ മുൻപ് ആരോപിച്ചെങ്കിലും ഇന്ത്യ ഇത് പൂർണ്ണമായും നിഷേധിച്ചിരുന്നു.
അതേസമയം, ഭീഷണികൾക്ക് മുന്നിൽ ഭയന്ന് പിന്മാറില്ലെന്ന് മൊനിന്ദർ സിങ് പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്കും മനുഷ്യാവകാശ തത്ത്വങ്ങൾക്കും വിധേയമായാണ് തങ്ങൾ സ്വയംനിർണ്ണയാവകാശത്തിനും ഖാലിസ്ഥാൻ വിഷയത്തിനും വേണ്ടി സംസാരിക്കുന്നതെന്നും ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന് വിദേശ രാജ്യങ്ങൾ കരുതേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.