സമാധാന പ്രതീക്ഷയിൽ വിപണികൾ; ആശ്വാസമായി ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴെ പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ ആഗോള വിപണികൾ.
ലണ്ടൻ: സമാധാന പ്രതീക്ഷയിൽ വിപണികൾ; ആശ്വാസമായി ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴെ പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ ആഗോള വിപണികൾ. ഏഷ്യൻ ഓഹരി വിപണികൾ തുടർച്ചയായ രണ്ടാം വാരവും നേട്ടത്തിലേക്ക് നീങ്ങുമ്പോൾ, ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് താഴെ തുടരുന്നത് ആശ്വാസകരമാകുന്നു.
ഇസ്രായേൽ-ലെബനൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതും, വരാനിരിക്കുന്ന വാരാന്ത്യത്തിൽ യു.എസ്-ഇറാൻ ചർച്ചകൾ നടന്നേക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയുമാണ് വിപണിയിൽ പോസിറ്റീവ് തരംഗമുണ്ടാക്കിയത്. വെടിനിർത്തൽ വാർത്തകൾക്ക് പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ഒരു ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 98.14 ഡോളറിലെത്തി.
യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് വില 1.6 ശതമാനം ഇടിഞ്ഞ് 93.15 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഏഷ്യൻ വിപണികളെ സംബന്ധിച്ചിടത്തോളം ഏപ്രിൽ മാസം മികച്ച മുന്നേറ്റത്തിന്റേതാണ്. മാർച്ചിൽ 13.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയ ഏഷ്യ-പസഫിക് ഓഹരി സൂചിക ഏപ്രിലിൽ ഇതുവരെ 14.5 ശതമാനം നേട്ടമുണ്ടാക്കി. യുദ്ധം തുടങ്ങുന്നതിന് മുൻപുള്ള അവസ്ഥയിലേക്ക് ഭൂരിഭാഗം ഓഹരി വിപണികളും തിരിച്ചെത്തിയിട്ടുണ്ട്.
ജപ്പാനിലെ നിക്കി സൂചിക വ്യാഴാഴ്ച റെക്കോർഡ് ഉയരത്തിൽ എത്തിയെങ്കിലും വെള്ളിയാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി. വിപണികളിലെ ഈ ഉണർവ് നിലനിൽക്കണമെങ്കിൽ സമാധാന ചർച്ചകളിൽ വ്യക്തമായ പുരോഗതി ഉണ്ടാകണമെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുക്കുന്നത് പോലുള്ള നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായാൽ മാത്രമേ ഈ സ്ഥിരത നിലനിൽക്കുകയുള്ളൂ എന്നും, അല്ലാത്തപക്ഷം വരും ആഴ്ചകളിൽ വിപണിയിൽ തിരുത്തലുകൾ ഉണ്ടായേക്കാമെന്നും എ.ടി.എഫ്.എക്സ് ഗ്ലോബൽ ചീഫ് സ്ട്രാറ്റജിസ്റ്റ് നിക്ക് ട്വിഡേൽ അഭിപ്രായപ്പെട്ടു.