Sathyian Nedumancherriyil

Subject : സമാധാനത്തിന് രാഷ്ട്രീയമില്ല; ട്രംപുമായി സംവാദത്തിനില്ലെന്ന് ലിയോ മാർപ്പാപ്പ,

സമാധാനത്തിന് രാഷ്ട്രീയമില്ല; ട്രംപുമായി സംവാദത്തിനില്ലെന്ന് ലിയോ മാർപ്പാപ്പ,

വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി രാഷ്ട്രീയ സംവാദത്തിനില്ലെന്ന് വ്യക്തമാക്കി ലിയോ പതിനാലാമൻ മാർപ്പാപ്പ. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് മാർപ്പാപ്പ നടത്തിയ സമാധാന ആഹ്വാനം തനിക്കെതിരെയുള്ള വിമർശനമാണെന്ന ട്രംപിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ ഉയർത്തിപ്പിടിക്കുന്നത് ക്രിസ്തു ദർശനമായ സമാധാനത്തിന്റെ സന്ദേശമാണെന്നും അത് ഏതെങ്കിലും വ്യക്തിയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ സന്ദേശങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് മാർപ്പാപ്പ തുറന്നടിച്ചു.

ഇറാൻ വിഷയത്തിൽ അമേരിക്കൻ ഇടപെടലുകളെ മാർപ്പാപ്പ വിമർശിച്ചുവെന്നാരോപിച്ച് ട്രംപ് സോഷ്യൽ മീഡിയയിലൂടെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. മാർപ്പാപ്പ ‘കുറ്റകൃത്യങ്ങളോട് മൃദുസമീപനം’ സ്വീകരിക്കുന്നുവെന്നും ഇറാൻ ആണവായുധം കൈവശം വെക്കുന്നതിനെ അദ്ദേഹം പിന്തുണയ്ക്കുന്നുവെന്നും ട്രംപ് അടിസ്ഥാനരഹിതമായി ആരോപിച്ചു. എന്നാൽ, ആണവായുധങ്ങൾ ലോകത്തിന് ഭീഷണിയാണെന്ന് മുൻപേ വ്യക്തമാക്കിയ ലിയോ മാർപ്പാപ്പ, ഒരു നാഗരികതയെ മുഴുവൻ നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണി അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു.

താൻ കാമറൂണിൽ നടത്തിയ പ്രസംഗങ്ങൾ ട്രംപിന്റെ വിമർശനങ്ങൾക്ക് ആഴ്ചകൾക്ക് മുൻപേ തയ്യാറാക്കിയതാണെന്ന് മാർപ്പാപ്പ ചൂണ്ടിക്കാട്ടി. “ലോകമെമ്പാടും യുദ്ധം വിതയ്ക്കുന്ന സ്വേച്ഛാധിപതികൾക്കെതിരെയാണ് ഞാൻ സംസാരിച്ചത്. അത് ഒരു പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചായിരുന്നില്ല,” അദ്ദേഹം പറഞ്ഞു. സമാധാനത്തിനായുള്ള തന്റെ ആഹ്വാനത്തെ രാഷ്ട്രീയ യുദ്ധമാക്കി മാറ്റാനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ കത്തോലിക്കാ വിരുദ്ധ പരാമർശങ്ങൾ അമേരിക്കൻ ക്രിസ്ത്യൻ സമൂഹത്തിനിടയിൽ വലിയ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. പ്രശസ്ത ഫോക്സ് ന്യൂസ് അവതാരകൻ സീൻ ഹാനിറ്റി താൻ കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇത്തരം രാഷ്ട്രീയ നീക്കങ്ങൾക്കൊന്നും തന്നെ സമാധാന സന്ദേശത്തിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ലോകത്തിലെ ആദ്യത്തെ അമേരിക്കൻ മാർപ്പാപ്പയായ ലിയോ പതിനാലാമൻ.