ശൈത്യകാലത്തെ റമദാൻ: ആരോഗ്യകാര്യത്തിൽ പ്രവാസികൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം.
ദുബായ്: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം യുഎഇയിൽ റമദാൻ വ്രതകാലം ശൈത്യകാലത്ത് എത്തിയതോടെ, ആരോഗ്യകാര്യത്തിൽ പ്രവാസികൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ. തണുപ്പുള്ള കാലാവസ്ഥ നോമ്പ് എളുപ്പമാക്കുമെങ്കിലും, സീസണൽ അണുബാധകൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഭക്ഷണക്രമം
ശൈത്യകാലത്ത് പടരാൻ സാധ്യതയുള്ള സീസണൽ പനി, ജലദോഷം, ശ്വാസകോശ അണുബാധകൾ എന്നിവയെ തടയാൻ ശരീരത്തിന്റെ പ്രതിരോധശേഷി നിലനിർത്തേണ്ടത് അനിവാര്യമാണ്.
-
സിട്രസ് പഴങ്ങൾ: ഓറഞ്ച്, നാരങ്ങ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധ സംവിധാനം ശക്തമാക്കാൻ സഹായിക്കും.
-
പോഷകസമൃദ്ധം: മുട്ട, മത്സ്യം, പയർവർഗ്ഗങ്ങൾ, പരിപ്പുകൾ എന്നിവ ഇഫ്താർ-സുഹൂർ ഭക്ഷണത്തിന്റെ ഭാഗമാക്കുക. കുരുമുളക് ചേർത്ത ഭക്ഷണങ്ങൾ അണുബാധകളെ പ്രതിരോധിക്കാൻ നല്ലതാണ്.
ജലാംശം നിലനിർത്താൻ മറക്കരുത്
തണുപ്പുള്ള കാലാവസ്ഥയായതിനാൽ പലപ്പോഴും ദാഹം അനുഭവപ്പെടാറില്ല. ഇത് ശരീരത്തിൽ നിർജ്ജലീകരണത്തിന് (Dehydration) കാരണമായേക്കാം.
-
ഇഫ്താറിനും സുഹൂറിനും ഇടയിൽ കുറഞ്ഞത് 8 മുതൽ 10 കപ്പ് വരെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
-
ഒറ്റയടിക്ക് വെള്ളം കുടിക്കാതെ കൃത്യമായ ഇടവേളകളിൽ കുടിക്കാൻ ശ്രദ്ധിക്കണം.
-
പഞ്ചസാരയടങ്ങിയ പാനീയങ്ങൾ, ചായ, കാപ്പി എന്നിവ ദാഹം വർദ്ധിപ്പിക്കാൻ കാരണമാകുമെന്നതിനാൽ ഇവ പരിമിതപ്പെടുത്തുക.
ഉറക്കവും വിശ്രമവും
നോമ്പ് കാലത്ത് ഉറക്കക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത് പ്രതിരോധശേഷിയെ ബാധിക്കും.
-
ദിവസം 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. രാത്രിയിലെ ഉറക്കവും ഇടവേളകളിലെ വിശ്രമവും ഇതിനായി ക്രമീകരിക്കാം.
വ്യക്തിശുചിത്വവും വ്യായാമവും
-
ശുചിത്വം: പകർച്ചവ്യാധികൾ തടയാൻ കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക.
-
വ്യായാമം: ഇഫ്താറിന് ശേഷം ലഘുവായ നടത്തമോ വ്യായാമമോ ശീലമാക്കുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാനും ഉന്മേഷം നിലനിർത്താനും സഹായിക്കും.
ശൈത്യകാലത്തെ ഈ പുണ്യമാസത്തിൽ ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നത് വഴി രോഗങ്ങളെ അകറ്റി നിർത്തി വ്രതാനുഷ്ഠാനം പൂർത്തിയാക്കാൻ ഓരോ പ്രവാസിക്കും സാധിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ ഓർമ്മിപ്പിച്ചു.