Sathyian Nedumancherriyil

Subject : വൻ തൊഴിൽ വാഗ്ദാനങ്ങൾ വെറും ‘പുകമറ’; സ്കോട്ട്‌ലൻഡിൽ എഐ ഡാറ്റാസെന്റർ പദ്ധതിക്കെതിരെ ജനരോഷം ശക്തമാകുന്നു.

വൻ തൊഴിൽ വാഗ്ദാനങ്ങൾ വെറും ‘പുകമറ’; സ്കോട്ട്‌ലൻഡിൽ എഐ ഡാറ്റാസെന്റർ പദ്ധതിക്കെതിരെ ജനരോഷം ശക്തമാകുന്നു.

ലാനാർക്‌ഷെയർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപവും അത്യാധുനിക തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്ത് സ്കോട്ട്‌ലൻഡിലെ ലാനാർക്‌ഷെയറിൽ പ്രഖ്യാപിച്ച ‘എഐ ഗ്രോത്ത് സോൺ’ പദ്ധതി വൻ വിവാദത്തിലേക്ക്. കൃത്യമായ ആസൂത്രണമില്ലാതെ നടപ്പിലാക്കുന്ന ഈ ഡാറ്റാസെന്റർ കോംപ്ലക്സ് കാരണം പ്രദേശവാസികൾക്ക് തങ്ങളുടെ വീടുകളും ഹരിതമേഖലകളും (Green belt) നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. വാഗ്ദാനം ചെയ്യപ്പെട്ട ആധുനിക തൊഴിലുകളോ സാമ്പത്തിക വളർച്ചയോ ഇതുവരെ ഈ ഗ്രാമത്തിൽ എത്തിയിട്ടില്ലെന്ന് മാത്രമല്ല, പദ്ധതിക്കായി ഭൂമി വിട്ടുനൽകാൻ ജനങ്ങൾക്ക് മേൽ വൻ സമ്മർദ്ദവുമുണ്ട്.

യുകെയുടെ പ്രധാന എഐ ഹബ്ബായി ലാനാർക്‌ഷെയറിനെ പ്രഖ്യാപിച്ചതോടെ യുഎസ് കമ്പനിയായ കോർവീവ് (CoreWeave), പ്രാദേശിക സ്ഥാപനമായ ഡാറ്റാവിറ്റ (DataVita) എന്നിവ ചേർന്നാണ് ഭീമൻ ഡാറ്റാസെന്ററുകളുടെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഈ സെന്ററുകളിലെ സിലിക്കൺ ചിപ്പുകൾ പ്രവർത്തിപ്പിക്കുന്നതിനായി വൻതോതിൽ വൈദ്യുതി ആവശ്യമുണ്ട്. ഇതിനായി ചില ഊർജ്ജ കമ്പനികൾ ഗ്രാമീണരെ കണ്ട് സൗജന്യ സോളാർ പാനലുകളും പണവും വാഗ്ദാനം ചെയ്ത് ഭൂമി കൈക്കലാക്കാൻ ശ്രമിക്കുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്

ഡാറ്റാസെന്ററുകൾ പൂർണ്ണമായും തദ്ദേശീയമായ പുനരുപയോഗ ഊർജ്ജം (Renewable energy) ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക എന്നായിരുന്നു അധികൃതരുടെ ആദ്യ പ്രഖ്യാപനം. എന്നാൽ ഇത് ബ്രിട്ടനിലെ നിലവിലുള്ള പവർ ഗ്രിഡുമായി ബന്ധിപ്പിക്കാനാണ് യഥാർത്ഥ നീക്കമെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി. ഡാറ്റാസെന്ററിന് ആവശ്യമായ 1 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ 44 ചതുരശ്ര കിലോമീറ്റർ ഭൂമി വേണമെന്നിരിക്കെ, ഇതിന്റെ പത്തിലൊന്ന് ഭാഗം പോലും നിലവിൽ കമ്പനിയുടെ കൈവശമില്ല.

പദ്ധതിയിലൂടെ 3,400 അത്യാധുനിക ജോലികളും 543 മില്യൺ പൗണ്ടിന്റെ കമ്മ്യൂണിറ്റി ഫണ്ടും ലഭിക്കുമെന്ന സർക്കാർ വാഗ്ദാനവും വെറും കബളിപ്പിക്കലാണെന്ന് ഇതിനകം തെളിഞ്ഞു. മറ്റൊരു ചെറിയ പ്രദേശത്തെ കണക്കുകൾ പെരുപ്പിച്ചു കാട്ടിയാണ് ഈ തൊഴിൽ സംഖ്യ ഉണ്ടാക്കിയതെന്ന് ഒരു സന്നദ്ധ സംഘടന കണ്ടെത്തി. യഥാർത്ഥത്തിൽ നിർമ്മാണ ഘട്ടത്തിലെ താൽക്കാലിക ജോലികൾ മാത്രമാണ് ഇവിടെ ഉണ്ടാകാൻ സാധ്യത. മുൻപ് കൽക്കരി-ഉരുക്ക് വ്യവസായങ്ങളുടെ തകർച്ച നേരിട്ട ഈ പിന്നാക്ക പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളെ വികസനത്തിന്റെ പേരിൽ അധികൃതർ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രാദേശിക കൂട്ടായ്മകൾ കുറ്റപ്പെടുത്തുന്നു.