വ്യാജ നമ്പർ പ്ലേറ്റ് തട്ടിപ്പ് രൂക്ഷമാകുന്നു; യുകെയിൽ റെക്കോർഡ് ലംഘനങ്ങളെന്ന് റിപോർട്ട്.
ലണ്ടൻ : ബ്രിട്ടീഷ് റോഡുകളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ (Cloned number plates) ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും ഗതാഗത ലംഘനങ്ങളും റെക്കോർഡ് നിരക്കിലെത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി. തങ്ങൾ ചെയ്യാത്ത കുറ്റങ്ങൾക്ക് ട്രാഫിക് പിഴ ലഭിച്ചതായി കാണിച്ച് കഴിഞ്ഞ വർഷം മാത്രം പതിനൊരായിരത്തിലധികം (11,400) വാഹന ഉടമകളാണ് ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയെ (DVLA) സമീപിച്ചത്. ആർ.എ.സി (RAC) മോട്ടോറിംഗ് ഓർഗനൈസേഷൻ വിവരവകാശ നിയമപ്രകാരം ശേഖരിച്ച കണക്കുകളാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
സമാനമായ മറ്റ് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വ്യാജമായി നിർമ്മിച്ച് ഉപയോഗിച്ചാണ് കുറ്റവാളികളും നിയമലംഘകരും ഗതാഗത ക്യാമറകളിൽ നിന്ന് രക്ഷപ്പെടുന്നത്. 2024-നേക്കാൾ ഒൻപത് ശതമാനവും, 2018-നേക്കാൾ ഇരട്ടിയോളവുമാണ് ഇത്തരം പരാതികളിൽ ഉണ്ടായ വർദ്ധനവ്. നിയമപ്രകാരം ആവശ്യമായ രേഖകൾ പരിശോധിക്കാതെ വ്യാജ നമ്പർ പ്ലേറ്റുകൾ നിർമ്മിച്ചു നൽകുന്ന നൂറിലധികം ഏജൻസികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് മുൻപ് നടന്ന അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.
വ്യാജ നമ്പർ പ്ലേറ്റുകൾ കാരണം തങ്ങൾ ചെയ്യാത്ത ട്രാഫിക് കുറ്റങ്ങൾക്ക് വലിയ തുക പിഴയടക്കേണ്ടി വരുന്ന നിരപരാധികളായ വാഹന ഉടമകൾ കടുത്ത ദുരിതത്തിലാണ്. ഇതിനുപുറമെ, ക്യാമറകളിൽ പതിയുന്നതിൽ നിന്ന് തടയാൻ രൂപകൽപ്പന ചെയ്ത ‘ഗോസ്റ്റ് പ്ലേറ്റുകൾ’ (Ghost plates) ഉപയോഗിക്കുന്നതും വലിയ സുരക്ഷാ ഭീഷണിയുയർത്തുന്നുണ്ട്. ആട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകളുടെ കണ്ണ് വെട്ടിക്കാൻ ഇത്തരം നമ്പർ പ്ലേറ്റുകൾ സഹായിക്കുന്നു.
റോഡുകളിലെ ഈ വൻ ക്രമക്കേടുകൾ തടയാൻ ബ്രിട്ടീഷ് സർക്കാർ പുതിയ റോഡ് പോലീസ് ടീമിനെ രംഗത്തിറക്കാനും കർശനമായ നിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്യാമറകൾക്ക് തിരിച്ചറിയാൻ കഴിയാത്ത വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്താൻ പ്രത്യേക സാങ്കേതികവിദ്യകളും കണ്ണടകളും പോലീസിന് കൈമാറും. നമ്പർ പ്ലേറ്റുകളിൽ തിരിമറി നടത്തുന്നവർക്ക് 1,000 പൗണ്ട് വരെ പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.