Sathyian Nedumancherriyil

Subject : വ്യാജ നമ്പർ പ്ലേറ്റുകൾക്ക് പൂട്ടിടാൻ യുകെ: പുതിയ സ്പെഷ്യൽ പൊലീസിംഗ് ടീം രംഗത്ത്.

വ്യാജ നമ്പർ പ്ലേറ്റുകൾക്ക് പൂട്ടിടാൻ യുകെ: പുതിയ സ്പെഷ്യൽ പൊലീസിംഗ് ടീം രംഗത്ത്.

ലണ്ടൻ: നിയമവിരുദ്ധമായ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് ക്യാമറകളെയും പൊലീസിനെയും വെട്ടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി ഇംഗ്ലണ്ട്. സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും ഗതാഗത പിഴകളിൽ നിന്ന് തപ്പൂറൂന്നവരെയും പിടികൂടാൻ ‘നാഷണൽ റോഡ്‌സ് പൊലീസിംഗ് കോർഡിനേഷൻ സെന്ററിന്’ (NRPCC) കീഴിൽ പുതിയ സ്പെഷ്യൽ പൊലീസ് സംഘം രൂപീകരിച്ചു.

ക്യാമറകളുടെ കണ്ണ് വെട്ടിക്കാൻ ഉപയോഗിക്കുന്ന സുതാര്യമായ ഫിലിമുകൾ പതിപ്പിച്ച ‘ഗോസ്റ്റ് പ്ലേറ്റുകൾ’, മറ്റ് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ വ്യാജമായി നിർമ്മിക്കുന്ന ‘ക്ലോൺഡ് പ്ലേറ്റുകൾ’ എന്നിവ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ക്യാമറകൾക്ക് വായിക്കാൻ കഴിയാത്ത നമ്പർ പ്ലേറ്റുകൾ പോലും കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്ന പ്രത്യേക സ്മാർട്ട് കണ്ണടകൾ (Specialist Goggles) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യയാണ് പൊലീസ് ഉപയോഗിക്കുന്നത്.

മോഷണം, അനധികൃത കടത്ത് എന്നിവയ്ക്കാണ് പ്രധാനമായും കുറ്റവാളികൾ ഇത്തരം നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നത്. കൂടാതെ അമിതവേഗത, പാർക്കിംഗ്, ക്ലീൻ എയർ സോൺ എന്നിവയ്ക്കുള്ള പിഴ ഒഴിവാക്കാനും ഇതൊരു തന്ത്രമാക്കുന്നു. നിയമവിരുദ്ധമായി നമ്പർ പ്ലേറ്റുകൾ മാറ്റുകയോ പ്രദർശിപ്പിക്കാതിരിക്കുകയോ ചെയ്യുന്ന ഡ്രൈവർമാർക്ക് 1,000 പൗണ്ട് (ഒരു ലക്ഷത്തോളം രൂപ) വരെ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി.