വൈറ്റ് ഹൗസ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിറ്റ്കോയിൻ മൂല്യത്തിൽ വൻ കുതിച്ചുചാട്ടം.
വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ നടന്ന ക്രിപ്റ്റോ കറൻസി ഉച്ചകോടിക്ക് പിന്നാലെ ബിറ്റ്കോയിൻ മൂല്യത്തിൽ വൻ വർധനവ്. വ്യാഴാഴ്ചയോടെ ബിറ്റ്കോയിൻ മൂല്യം 10 ശതമാനത്തോളം ഉയർന്ന് 71,500 ഡോളറിലെത്തി. ക്രിപ്റ്റോ കറൻസിയെ ഒരു കമ്മോഡിറ്റിയായി നിർവചിക്കാനും അതിന്റെ നിയന്ത്രണം കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷന് (CFTC) കൈമാറാനും വ്യവസ്ഥ ചെയ്യുന്ന ‘ക്ലാരിറ്റി ആക്ട്’ (CLARITY Act) പാസാക്കാൻ യുഎസ് കോൺഗ്രസിനോട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.
യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റ് ബോണ്ട് ബൈബാക്കുകൾ ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്ച രാവിലെ മുതലാണ് ബിറ്റ്കോയിൻ, സ്വർണം തുടങ്ങിയവയുടെ മൂല്യം ഉയരാൻ തുടങ്ങിയത്. തുടർന്ന് നടന്ന ഉച്ചകോടിയിൽ ക്രിപ്റ്റോ വ്യവസായ രംഗത്തെ പ്രമുഖരുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. ഈ നിയമനിർമ്മാണം സാമ്പത്തിക രംഗത്ത് യുഎസിനെ ചൈനയേക്കാൾ മുന്നിലെത്തിക്കാൻ സഹായിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, ബാങ്കിംഗ് മേഖലയിൽ നിന്നും സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള അന്വേഷണ ഏജൻസികളിൽ നിന്നും പുതിയ നിയമനിർമ്മാണത്തിനെതിരെ ചോദ്യങ്ങൾ ഉയരുന്നുണ്ട്.