വേനൽച്ചൂടിൽ വെന്തുരുകി യുകെ; സാമ്പത്തിക മേഖലയ്ക്ക് 400 കോടി പൗണ്ടിന്റെ ഭീമമായ നഷ്ടം!
ലണ്ടൻ: യുകെയിൽ ഈ വേനൽക്കാലത്ത് ആവർത്തിച്ചുള്ള കടുത്ത ഉഷ്ണതരംഗം കാരണം ജൂലൈ അവസാനത്തോടെ രാജ്യത്തിന്റെ സാമ്പത്തിക ഉൽപ്പാദനത്തിൽ 400 കോടിയിലധികം പൗണ്ടിന്റെ (4.4 ബില്യൺ പൗണ്ട്) ഭീമമായ നഷ്ടമുണ്ടായതായി പുതിയ പഠന റിപ്പോർട്ട്. ‘വെർഡന്റ്’ എന്ന ഗ്രീൻ തിങ്ക് ടാങ്ക് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. ജൂണിലെ അപ്രതീക്ഷിത ചൂട് കാരണം 2.36 ബില്യൺ പൗണ്ടിന്റെ നഷ്ടമുണ്ടായതായി കണക്കാക്കിയിരുന്നുവെങ്കിലും, ജൂലൈയിലെ ഉയർന്ന താപനില കൂടി കണക്കിലെടുത്താണ് പുതിയ തിട്ടപ്പെടുത്തൽ.
അതിരൂക്ഷമായ ചൂട് കാരണം വിവിധ മേഖലകളിലെ ജീവനക്കാരുടെ ജോലിശേഷിയും ഉൽപ്പാദനക്ഷമതയും ഗണ്യമായി കുറഞ്ഞതാണ് സാമ്പത്തിക തിരിച്ചടിക്ക് പ്രധാന കാരണം. അടിസ്ഥാന സൗകര്യങ്ങളും യന്ത്രസാമഗ്രികളും അമിതമായി ചൂടാകുന്നതിനെ തുടർന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടായി. മെറ്റ് ഓഫീസ് ഈ ആഴ്ചയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ ഉഷ്ണതരംഗങ്ങൾക്ക് ശേഷം യുകെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ വേനൽക്കാലത്തിലൂടെയാണ് കടന്നുപോകുന്നത്.
തൊഴിലാളികളെയും ബിസിനസുകളെയും കഠിനമായ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പരമാവധി ജോലി താപനില നിശ്ചയിക്കണമെന്നും ഉഷ്ണതരംഗം കാരണം ജോലി സമയം വെട്ടിച്ചുരുക്കേണ്ടി വരുമ്പോൾ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും വെർഡന്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ, നഗരങ്ങളിൽ കൂടുതൽ പച്ചപ്പുള്ള പ്രദേശങ്ങൾ നിർമ്മിച്ച് താപനില കുറയ്ക്കാനുള്ള പദ്ധതികൾ വേഗത്തിലാക്കണമെന്നും നിർദ്ദേശമുണ്ട്. ഉഷ്ണതരംഗം ഇതേ നിരക്കിൽ തുടർന്നാൽ 2030 ഓടെ വാർഷിക സാമ്പത്തിക നഷ്ടം 250 കോടി പൗണ്ടിലധികമായി ഉയർന്നേക്കാം.
കടുത്ത ചൂട് കാരണം ലണ്ടനിലും തെക്കുകിഴക്കൻ പ്രദേശങ്ങളിലുമാണ് ഏറ്റവും വലിയ പ്രത്യാഘാതം അനുഭവപ്പെട്ടത്. വനനശീകരണ തീപിടുത്തങ്ങൾ അണയ്ക്കുന്നതിനുള്ള ചിലവുകളും എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിക്കുന്നതിനായുള്ള അധിക വൈദ്യുതി ഉപഭോഗവും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഇതിനകം തന്നെ രാജ്യത്തെ ബാധിച്ചു തുടങ്ങിയെന്നും ഇത് നേരിടാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സാമ്പത്തിക വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.