വേദനയില്ലാത്ത ചികിത്സ സ്ത്രീകളുടെ അവകാശം;ആരോഗ്യരംഗത്തെ സ്ത്രീവിരുദ്ധതയ്ക്കെതിരെ ബ്രിട്ടൻ.
ലണ്ടൻ: ആരോഗ്യമേഖലയിൽ സ്ത്രീകൾ നേരിടുന്ന അവഗണനയ്ക്കും വിവേചനത്തിനും അറുതിവരുത്തുമെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ഇംഗ്ലണ്ടിലെ ആരോഗ്യ സംവിധാനങ്ങൾ സ്ത്രീകളെ പരാജയപ്പെടുത്തുകയാണെന്നും ഡോക്ടർമാർ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ നിസ്സാരവൽക്കരിക്കുന്ന രീതിക്ക് (Gaslighting) അറുതിവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള പുതുക്കിയ ദേശീയ നയം ബുധനാഴ്ച പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ വെറും അസൗകര്യങ്ങളായോ അമിത പ്രതികരണമായോ കാണുന്ന ‘മെഡിക്കൽ മിസോജിനി’ (Medical Misogyny) അഥവാ വൈദ്യശാസ്ത്ര രംഗത്തെ സ്ത്രീവിരുദ്ധതയെ സാമ്പത്തികമായി തന്നെ നേരിടുമെന്ന് സ്ട്രീറ്റിംഗ് പറഞ്ഞു. പുതിയ നയപ്രകാരം, മികച്ച സേവനം ലഭിക്കാത്ത പക്ഷം പണമടച്ചുള്ള ആരോഗ്യ സേവനങ്ങളിൽ നിന്ന് പേയ്മെന്റുകൾ തടഞ്ഞുവെക്കാൻ സ്ത്രീകൾക്ക് അധികാരം നൽകുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പിലാക്കും. കൂടാതെ, ഗർഭനിരോധന കോയിൽ (Contraceptive coil) നിക്ഷേപിക്കുകയോ ഹിസ്റ്ററോസ്കോപ്പി പോലുള്ള വേദനയുള്ള പരിശോധനകൾ നടത്തുകയോ ചെയ്യുമ്പോൾ നിർബന്ധമായും വേദനസംഹാരികൾ നൽകണമെന്ന പുതിയ മാനദണ്ഡവും നടപ്പിലാക്കും.
എൻഡോമെട്രിയോസിസ് (Endometriosis) പോലുള്ള സങ്കീർണ്ണമായ അവസ്ഥകൾ രോഗനിർണ്ണയം നടത്താൻ നിലവിൽ പത്ത് വർഷത്തോളം കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് സർക്കാർ ഉറപ്പുനൽകുന്നു. ഇതിനായി രോഗനിർണ്ണയവും ചികിത്സയും വേഗത്തിലാക്കാൻ ക്ലിനിക്കൽ രീതികളിൽ മാറ്റം വരുത്തും. കൂടാതെ, ആവർത്തിച്ചുള്ള ഗർഭമലസൽ നേരിടുന്ന കുടുംബങ്ങൾക്കുള്ള പിന്തുണയും പുനപരിശോധിക്കും. പെൺകുട്ടികൾക്ക് ആർത്തവ ആരോഗ്യത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി 10 ലക്ഷം പൗണ്ടിന്റെ വിദ്യാഭ്യാസ പദ്ധതിയും പുതിയ നയത്തിന്റെ ഭാഗമാണ്.
നിലവിൽ ഏകദേശം അഞ്ച് ലക്ഷത്തോളം സ്ത്രീകൾ ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയ്ക്കായി കാത്തിരിക്കുകയാണെന്നത് ഒരു ‘ദേശീയ നാണക്കേടാണെന്ന്’ പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകളുടെ ശബ്ദത്തിന് പ്രാധാന്യം നൽകുന്നതും സഹാനുഭൂതിയോടെയുള്ളതുമായ പരിചരണം ഉറപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സ്ട്രീറ്റിംഗ് കൂട്ടിിച്ചേർത്തു. എൻഡോമെട്രിയോസിസ് യുകെ ഉൾപ്പെടെയുള്ള സ്ത്രീകളുടെ ആരോഗ്യ സംഘടനകൾ സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. കൃത്യമായ നടപടികളിലൂടെ മാത്രമേ സ്ത്രീകളുടെ ആരോഗ്യപരിരക്ഷയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കഴിയൂ എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.