Sathyian Nedumancherriyil

Subject : വെറും ആറു മണിക്കൂറിനുള്ളിൽ ഫണ്ട് തീർന്നു; ഇംഗ്ലണ്ടിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ!

വെറും ആറു മണിക്കൂറിനുള്ളിൽ ഫണ്ട് തീർന്നു; ഇംഗ്ലണ്ടിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ!

ലണ്ടൻ: ഇംഗ്ലണ്ടിലെ സുസ്ഥിര  പ്രോത്സാഹന പദ്ധതിയുടെ(SFI)  ഫണ്ട് വെറും ആറു മണിക്കൂറിനുള്ളിൽ തീർന്നത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കി. തുടർച്ചയായ മോശം വിളവെടുപ്പും കാലാവസ്ഥ വ്യതിയാനവും കാരണം ദുരിതത്തിലായ കർഷകർക്ക് വലിയൊരു ആശ്വാസമാകേണ്ടിയിരുന്ന പദ്ധതിയാണ് സാങ്കേതിക തകരാറുകളും പെട്ടെന്നുള്ള ഫണ്ട് തീരലും കാരണം നഷ്ടമായത്. പ്രമുഖ ഫാമുകളിലെ കർഷകർ ഉൾപ്പെടെയുള്ളവർ അപേക്ഷ നൽകാൻ ശ്രമിച്ചെങ്കിലും സാങ്കേതിക പിഴവുകൾ കാരണം അവസരം നഷ്ടപ്പെടുകയായിരുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥ വ്യതിയാനം കാരണം കനത്ത തിരിച്ചടിയാണ് കർഷകർ നേരിടുന്നത്. തുടർച്ചയായ മഴയും കടുത്ത വരൾച്ചയും ഇറാൻ യുദ്ധം മൂലം വർദ്ധിച്ച വളത്തിന്റെ വിലയും കർഷകരെ കടക്കെണിയിലാഴ്ത്തിയിട്ടുണ്ട്. ഫണ്ടിംഗ് ലഭിക്കാത്തതിനാൽ പല കർഷകരും പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ ഉപേക്ഷിച്ച് സാധാരണ വിളകളിലേക്ക് തിരിയാൻ നിർബന്ധിതരായിരിക്കുകയാണ്. ഇത് കർഷകരുടെയും കുടുംബങ്ങളുടെയും ജീവനോപാടിയെത്തന്നെ ഗുരുതരമായി ബാധിക്കും.

ബ്രിക്സിറ്റിനെ തുടർന്ന് യൂറോപ്യൻ യൂണിയന്റെ അടിസ്ഥാന ധനസഹായങ്ങൾ നഷ്ടപ്പെട്ട കർഷകർ പുതിയ പരിസ്ഥിതി മാനേജ്‌മെന്റ് ഫണ്ടുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ ഇത്തരം പദ്ധതികൾ പെട്ടെന്ന് തീർന്നുപോകുന്നത് കർഷകരിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. നാഷണൽ ഫാർമേഴ്‌സ് യൂണിയൻ ഈ വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കർഷകരുടെ നിരാശ കണത്തിലെടുത്ത് അടുത്ത വർഷത്തെ SFI പദ്ധതിയിൽ മാറ്റങ്ങൾ വരുത്തുമെന്നും, ആദ്യമെത്തുന്നവർക്ക് മുൻഗണന എന്ന രീതിക്ക് പകരമായി മറ്റ് വഴികൾ ആലോചിക്കുമെന്നും ഫാർമിംഗ് മിനിസ്റ്റർ സ്റ്റീഫൻ മോർഗൻ വ്യക്തമാക്കി. എങ്കിലും നിലവിലെ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ രാജ്യത്തെ കാർഷിക മേഖല വലിയ തകർച്ചയെ നേരിടേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.