വെടിക്കെട്ടിനിടെ കാഴ്‌ച നഷ്ടപ്പെട്ടു; പൊതുജനങ്ങൾക്ക് പടക്കം വിൽക്കുന്നത് നിരോധിക്കണമെന്ന് യുവാവ്.
സ്കാർബറോ: വെടിക്കെട്ടിനിടെ അപകടത്തിൽപ്പെട്ട് കാഴ്ചശക്തി പൂർണ്ണമായി നഷ്ടപ്പെട്ട പത്തൊൻപതുകാരൻ പൊതുജനങ്ങൾക്ക് പടക്കം വിൽക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത്. നോർത്ത് യോർക്ക്ഷെയറിലെ സ്കാർബറോ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് ടോം പാർനബിയെന്ന യുവാവിന് കാഴ്ച നഷ്ടപ്പെട്ടത്.
കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും പടക്കങ്ങളോട് വെറുപ്പില്ലെന്നും എന്നാൽ പൊതുജനങ്ങൾക്ക് ഇത് വിൽക്കാൻ അനുവാദം നൽകുന്നത് അപകടകരമാണെന്നും ടോം പറയുന്നു. അപകടത്തിന് ശേഷം ജനിച്ച തന്റെ കുഞ്ഞിന്റെ മുഖം ഒരുനോക്ക് കാണാൻ സാധിക്കാത്തതിന്റെ സങ്കടമുണ്ടെങ്കിലും, കുഞ്ഞാണ് തന്റെ ജീവിതത്തിലെ വലിയ പ്രതീക്ഷയെന്നും ടോം കൂട്ടിച്ചേർത്തു.
അപകടത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്ന ടോം ഇപ്പോൾ അമ്മയ്ക്കൊപ്പം ലണ്ടൻ മാരത്തണിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. കാഴ്ചപരിമിതർക്കായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് വേണ്ടി ഫണ്ട് സമാഹരിക്കാനാണ് ഇരുവരും മാരത്തണിൽ ഓടുന്നത്. പടക്കങ്ങളുടെ വിൽപനയിൽ കടുത്ത നിയന്ത്രണങ്ങൾ വേണമെന്ന പ്രചാരണവും ടോം ശക്തമാക്കിയിട്ടുണ്ട്.