വിർജീനിയയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടം; ഡ്രൈവർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി!.
വിർജീനിയ: അമേരിക്കയിലെ വിർജീനിയയിൽ വൻ ദുരന്തം വിതച്ച ടൂർ ബസ് അപകടത്തിന് കാരണക്കാരനായ ഡ്രൈവർക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം (Involuntary Manslaughter) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഡ്രൈവറായ ജിങ് എസ് ഡോങ്ങിനെതിരെയാണ് വിർജീനിയ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഇയാളെ അവിടെയെത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഓരോ വകുപ്പിലും പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ന്യൂയോർക്കിൽ നിന്നും നോർത്ത് കരോലിനയിലേക്ക് സർവീസ് നടത്തുകയായിരുന്ന ടൂർ ബസ് അതിവേഗത്തിൽ വന്ന് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ മേഖലയിൽ മറ്റു വാഹനങ്ങൾ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. എന്നാൽ വേഗത കുറയ്ക്കാൻ തയ്യാറാകാതിരുന്ന ബസ്, മുന്നിലുണ്ടായിരുന്ന ഷെവർലെ കാറിലിടിക്കുകയും തുടർന്ന് എട്ടോളം വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി ഇടിച്ചുതകരുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഒരു കാറിന് തീപിടിക്കുകയും അതിലുണ്ടായിരുന്ന ഒരേ കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേർ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. സൗത്ത് കരോലിനയിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ മസാച്യുസെറ്റ്‌സ് സ്വദേശികളായ ദമ്പതികളും ഇവരുടെ 13-ഉം 7-ഉം വയസ്സുള്ള രണ്ട് കുട്ടികളുമാണ് കാറിനുള്ളിൽ വെന്തുമരിച്ചത്. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന യാത്രക്കാരടക്കം 44-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.