വിവാഹച്ചടങ്ങിലേക്ക് യുഎസ് മിസൈലാക്രമണം: നാല് മരണം, യുഎസിനെതിരെ ‘യുദ്ധക്കുറ്റ’ ആരോപണവുമായി ഇറാൻ.
ടെഹ്റാൻ: തെക്കൻ ഇറാനിൽ വിവാഹച്ചടങ്ങ് നടന്നിരുന്ന വീടിന് നേരെ യുഎസ് നടത്തിയ മിസൈലാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. കുട്ടികളടക്കം 68 പേർക്ക് പരിക്കേറ്റു. ഹോർമോസ്ഗാൻ പ്രവിശ്യയിലെ തീരദേശ നഗരമായ കുഹെസ്റ്റാക്കിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മരിച്ചവരിൽ നാല് വയസ്സുകാരനായ അമീർ-അലി കരീമിയും 16 വയസ്സുകാരനായ മുഹമ്മദ് മല്ലാഹിയും ഉൾപ്പെടുന്നു. നിരായുധരായ സാധാരണക്കാർക്ക് നേരെ നടത്തിയ ഈ ആക്രമണം ക്രൂരമായ ‘യുദ്ധക്കുറ്റ’മാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. സംഭവത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
മേഖലയിൽ ഒരു മാസത്തോളമായി നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ചാണ് യുഎസ് വീണ്ടും ആക്രമണം ശക്തമാക്കിയത്. എന്നാൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ തുടങ്ങിയ ഇറാൻ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും, സൈന്യം ഒരിക്കലും സാധാരണക്കാരെ ലക്ഷ്യമിടാറില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) വ്യക്തമാക്കി. അതേസമയം, ബോയിംഗ് നിർമ്മിത മിസൈലിന്റെ (Slam-Er) അവശിഷ്ടങ്ങളാണ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചതെന്ന് സ്വതന്ത്ര ആയുധ വിദഗ്ദ്ധർ സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമോസ്ഗൺ കടലിടുക്കിലെ ഇറാൻ ഉപരോധം തകർക്കുന്നതിനാണ് യുഎസ് തീരദേശ മേഖലകളിൽ തുടർച്ചയായി ആക്രമണം നടത്തുന്നത്. യുഎസ് ആക്രമണത്തിന് മറുപടിയായി ബഹ്റൈൻ, കുവൈറ്റ്, യു.എ.ഇ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പുതിയ ഏറ്റുമുട്ടലുകൾ മിഡിൽ ഈസ്റ്റിൽ വൻ യുദ്ധഭീതി ഉയർത്തുകയാണ്.