വിവാദങ്ങൾക്കിടയിലും വിജയം; ലണ്ടനിലെ വായു മലിനീകരണ നിയന്ത്രണ പദ്ധതികൾ മൂലം ആശുപത്രി കേസുകളിൽ വൻ കുറവ്.
ലണ്ടൻ :നഗരങ്ങളിൽ നടപ്പിലാക്കുന്ന ലോ-എമിഷൻ, ക്ലീൻ എയർ സോൺ (മലിനീകരണം കുറഞ്ഞ മേഖലകൾ) പദ്ധതികൾ പലപ്പോഴും വലിയ വിവാദങ്ങൾക്ക് കാരണമാകാറുണ്ടെങ്കിലും, ഇവ വായുനിലവാരം മെച്ചപ്പെടുത്തുന്നതിൽ വലിയ വിജയമാണെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. യുകെയിലെ ബ്രാഡ്ഫോർഡിൽ ഇത്തരം പദ്ധതി നടപ്പിലാക്കിയതിന് ശേഷം ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയ്ക്കായി ഡോക്ടർമാരെ സമീപിക്കുന്നവരുടെ എണ്ണത്തിൽ 25 ശതമാനത്തിന്റെ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
ലണ്ടനിൽ നടപ്പിലാക്കിയ ‘ടി-ചാർജ്’ (T-charge), ‘അൾട്രാ-ലോ എമിഷൻ സോൺ’ (Ulez) എന്നീ പദ്ധതികൾക്ക് ശേഷം ആശുപത്രികളിലെ അടിയന്തിര പ്രവേശനങ്ങളിൽ (Emergency Admissions) ഗണ്യമായ കുറവുണ്ടായതായി ലണ്ടൻ ഇംപീരിയൽ കോളേജിലെ ഗവേഷകർ നടത്തിയ ആരോഗ്യരേഖകളുടെ വിശകലനത്തിൽ വ്യക്തമായി. 2017-ൽ ആരംഭിച്ച ടി-ചാർജ് വഴി മലിനീകരണം കൂടുതലുണ്ടാക്കുന്ന പഴയ വാഹനങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തിയിരുന്നു. തുടർന്ന് 2019-ൽ കൂടുതൽ കർശനമായ യുലെസ് (Ulez) പദ്ധതിയും നടപ്പിലാക്കി
ഗവേഷണ ഫലങ്ങൾ അനുസരിച്ച്, സെൻട്രൽ ലണ്ടൻ മേഖലയിൽ ഈ പദ്ധതികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വരെ അടിയന്തിര മെഡിക്കൽ പ്രവേശനങ്ങളിൽ പ്രതിവർഷം 3% വർദ്ധനവുണ്ടായിരുന്നു. എന്നാൽ പദ്ധതികൾ നിലവിൽ വന്നതോടെ പ്രതിവർഷം 3% എന്ന തോതിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. ഇതിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള ആശുപത്രി പ്രവേശനത്തിൽ 8 ശതമാനവും, ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ 6 ശതമാനവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് സമാന നഗരങ്ങളിലെ ആരോഗ്യ സാഹചര്യങ്ങളുമായി താരതമ്യം ചെയ്താണ് ഈ മാറ്റങ്ങൾ വായുനിലവാരം മെച്ചപ്പെട്ടത് കൊണ്ട് മാത്രമുണ്ടായതാണെന്ന് ഗവേഷകർ ഉറപ്പുവരുത്തിയത്.
വായു മലിനീകരണത്തിന്റെ ദോഷഫലങ്ങൾ മുതിർന്നവരേക്കാൾ വേഗത്തിൽ ബാധിക്കുന്നത് കുട്ടികളെയാണെന്നും, കുട്ടികളുടെ ആരോഗ്യരേഖകൾ കൂടി വിശദമായി പരിശോധിച്ചാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലെ കുറവ് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ. ഡാനിയേല ഫെക്റ്റ് വ്യക്തമാക്കുന്നു. നഗരങ്ങളിലെ കടുത്ത വായു മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ആളുകൾ കൂടുതൽ നടക്കാനും സൈക്കിൾ ഉപയോഗിക്കാനും തുടങ്ങിയതും ആരോഗ്യ പുരോഗതിക്ക് കാരണമായിട്ടുണ്ട്. ഇത്തരം ക്ലീൻ എയർ സോണുകൾ പൊതുജനാരോഗ്യ സംരക്ഷണത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കുമെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പഠനമെന്ന് ഗവേഷകർ സമർത്ഥിക്കുന്നു.