വിലകൂടിയ ആർത്തവവിരാമ സപ്ലിമെന്റുകൾ വെറും തട്ടിപ്പ്; സാധാരണ മൾട്ടിവെറ്റമിനുകൾ മതിയെന്ന് പഠനം!
ലണ്ടൻ: വർഷത്തിൽ 400 പൗണ്ടിലധികം വിലവരുന്ന ആർത്തവവിരാമ (Menopause) സപ്ലിമെന്റുകൾക്ക് വെറും 22 പൗണ്ട് മാത്രം വിലയുള്ള സാധാരണ മൾട്ടിവെറ്റമിനുകളേക്കാൾ ഗുണമില്ലെന്ന് ഉപഭോക്തൃ വാച്ച്ഡോഗായ ‘വിച്ച്?’ (Which?) നടത്തിയ വിശകലനത്തിൽ വ്യക്തമായി. പെരിമെനോപോസ്, മെനോപോസ് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്കായി വിപണിയിൽ എത്തുന്ന ജനപ്രിയ സപ്ലിമെന്റുകളിൽ പലതിലും ആവശ്യത്തിന് പോഷകങ്ങൾ അടങ്ങിയിട്ടില്ലെന്നും എന്നാൽ സാധാരണ മൾട്ടിവെറ്റമിനുകളേക്കാൾ 20 മടങ്ങ് വിലയേറിയതാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
ഹോളണ്ട് ആൻഡ് ബാരറ്റ്, ബൂട്ട്സ്, ആമസോൺ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ വിൽക്കുന്ന 26 സപ്ലിമെന്റുകളുടെ ചേരുവകളാണ് വിദഗ്ധർ പരിശോധിച്ചത്. ആർത്തവവിരാമ സമയത്ത് അത്യന്താപേക്ഷിതമായ കാൽസ്യം, വിറ്റാമിൻ ഡി, മഗ്നീഷ്യം എന്നിവ പല ഉൽപ്പന്നങ്ങളിലും കുറഞ്ഞ അളവിലാണ് അടങ്ങിയിരിക്കുന്നതെന്നും ചിലതിൽ ഇവ പൂർണ്ണമായും ഇല്ലെന്നും കണ്ടെത്തി. അസ്ഡയുടെ എ-ഇസഡ് മൾട്ടിവെറ്റമിൻ പ്രതിവർഷം 22 പൗണ്ടിന് ലഭ്യമാകുമ്പോൾ, ഏറ്റവും വിലകൂടിയ ‘ലവ് മഷ്റൂംസ് എംപവർ’ സപ്ലിമെന്റിന് പ്രതിവർഷം 485 പൗണ്ട് വരെയാണ് വില വരുന്നത്.
സ്ത്രീകളുടെ ആരോഗ്യപരമായ ആശങ്കകളെ മുതലെടുത്ത് വലിയ തോതിലുള്ള ചൂഷണമാണ് സപ്ലിമെന്റ് വിപണിയിൽ നടക്കുന്നതെന്ന് ‘വിച്ച്?’ പബ്ലിക് ഹെൽത്ത് ന്യൂട്രിഷനിസ്റ്റ് ഷെഫാലി ലോത്ത് കുറ്റപ്പെടുത്തി. ഈ വ്യവസായം ഒരു ‘വൈൽഡ് വെസ്റ്റ്’ പോലെയായി മാറിയിരിക്കുകയാണെന്നും റെഗുലേറ്റർമാർ ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആർത്തവവിരാമ ലക്ഷണങ്ങളെ പ്രതിരോധിക്കാൻ ഇത്തരം സപ്ലിമെന്റുകൾക്ക് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ (UCL) വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം ഗുണനിലവാരമുള്ള സാധാരണ മൾട്ടിവെറ്റമിനുകൾ ഉപയോഗിക്കുന്നത് വിലകൂടിയ ഇത്തരം ഓൾ-ഇൻ-വൺ സപ്ലിമെന്റുകളേക്കാൾ ഫലപ്രദവും ലാഭകരവുമാണെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള വിപണന തന്ത്രങ്ങൾക്കെതിരെ കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.