Sathyian Nedumancherriyil

Subject : വിലകുറഞ്ഞ സ്റ്റീൽ ഇറക്കുമതി വില്ലനായി; ടാറ്റ സ്റ്റീലിന്റെ യുകെ പ്ലാന്റിൽ ഉത്പാദനം പ്രതിസന്ധിയിൽ!

വിലകുറഞ്ഞ സ്റ്റീൽ ഇറക്കുമതി വില്ലനായി; ടാറ്റ സ്റ്റീലിന്റെ യുകെ പ്ലാന്റിൽ ഉത്പാദനം പ്രതിസന്ധിയിൽ!

ലാൻഡ്‌വേർൺ: യുകെയിലെ പ്രമുഖ സ്റ്റീൽ നിർമ്മാതാക്കളായ ടാറ്റ സ്റ്റീലിന്റെ വെയിൽസിലെ ലാൻഡ്‌വേർൺ ഫാക്ടറിയിൽ ഉത്പാദനം പകുതിയായി കുറച്ചതോടെ തൊഴിലാളികൾ ആശങ്കയിൽ. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിലകുറഞ്ഞ സ്റ്റീലിന്റെ വൻതോതിലുള്ള വരവാണ് ബ്രിട്ടീഷ് സ്റ്റീൽ വ്യവസായത്തിന് ഭീഷണിയാകുന്നത്. തുടർന്ന് ഉത്പാദന ലൈനുകൾ പകുതി സമയവും നിർത്തിവെക്കേണ്ടി വരുന്നതിനാൽ നൂറുകണക്കിന് തൊഴിലാളികളുടെ ജോലിയെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്.

ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിലകുറഞ്ഞ സ്റ്റീൽ ഇറക്കുമതി തടയുന്നതിന് യുകെ സർക്കാർ ജൂലൈയിൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ചില രാജ്യങ്ങൾക്ക് നികുതിയില്ലാതെ ഇറക്കുമതി ചെയ്യാവുന്ന സ്റ്റീലിന്റെ അളവ് (ക്വാട്ട) സർക്കാർ ഉയർത്തി നൽകി. ഇന്ത്യയ്ക്കുള്ള ക്വാട്ട 98,000 ടണ്ണിൽ നിന്ന് 1,25,000 ടണ്ണായും വിയറ്റ്‌നാമിന്റെ ക്വാട്ട 51,000 ടണ്ണിൽ നിന്ന് 1,74,000 ടണ്ണായും ഉയർത്തി. ഇത് ലാൻഡ്‌വേർണിലെ ഗാൽവനൈസ്ഡ് സ്റ്റീൽ ഉത്പാദനത്തെ കടുത്ത പ്രതിസന്ധിയിലാക്കി.

വാഹന നിർമ്മാണത്തിനും നിർമ്മാണ മേഖലയ്ക്കും ആവശ്യമായ ഉന്നതനിലവാരമുള്ള ഗാൽവനൈസ്ഡ് സ്റ്റീൽ ഉത്പാദിപ്പിക്കുന്ന പ്ലാന്റാണിത്. യുകെയിലെ ആകെ ആവശ്യകതയുടെ പകുതിയോളവും നിർമ്മിക്കുന്നത് ഈ പ്ലാന്റിലാണ്. ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ വേഗത്തിലാക്കാനാണ് യുകെ സർക്കാർ സ്റ്റീൽ ക്വാട്ട വർദ്ധിപ്പിച്ചത്. എന്നാൽ ഇത് തദ്ദേശീയ സ്റ്റീൽ ഉത്പാദന മേഖലയെ തകർക്കുമെന്നും, പരിസ്ഥിതി സൗഹൃദ ‘ഗ്രീൻ സ്റ്റീൽ’ പദ്ധതിയെയടക്കം ബാധിക്കുമെന്നും യൂണിയൻ നേതാക്കളും ടാറ്റ സ്റ്റീൽ അധികൃതരും മുന്നറിയിപ്പ് നൽകുന്നു.

ലാൻഡ്‌വേർൺ പ്ലാന്റിന്റെ പ്രവർത്തനം സുഗമമാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കമ്പനി പ്രതിനിധികൾ വ്യവസായ മന്ത്രി ബ്ലെയർ മക്ഡൂഗലുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇറക്കുമതി ക്വാട്ട പുനഃപരിശോധിക്കണമെന്നാണ് കമ്പനിയുടെയും തൊഴിലാളി യൂണിയനുകളുടെയും ആവശ്യം. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും 12 മാസത്തിന് ശേഷം ക്വാട്ട വ്യവസ്ഥകൾ പുനഃപരിശോധിക്കുമെന്നുമാണ് വിഷയത്തിൽ യുകെ സർക്കാരിന്റെ പ്രതികരണം.