Sathyian Nedumancherriyil

Subject : വിരമിക്കൽ പ്രായത്തിൽ ചരിത്രപരമായ മാറ്റം; അയർലണ്ടിൽ പെൻഷൻ പ്രായമായ 66 വയസ്സ് വരെ ജോലി തുടരാൻ ഇനി നിയമപരമായ അവകാശം.

വിരമിക്കൽ പ്രായത്തിൽ ചരിത്രപരമായ മാറ്റം; അയർലണ്ടിൽ പെൻഷൻ പ്രായമായ 66 വയസ്സ് വരെ ജോലി തുടരാൻ ഇനി നിയമപരമായ അവകാശം.

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ ഏറെക്കാലമായി കാത്തിരുന്ന സുപ്രധാനമായ തൊഴില്‍ നിയമ പരിഷ്കാരം യാഥാര്‍ഥ്യമാകുന്നു. 65-ാം വയസില്‍ ജീവനക്കാരെ നിര്‍ബന്ധിതമായി വിരമിപ്പിക്കുന്ന നിലവിലുള്ള കരാര്‍ വ്യവസ്ഥകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നിയമം ജൂണ്‍ 29 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ, അയര്‍ലണ്ടിലെ പെന്‍ഷന്‍ പ്രായമായ 66 വയസ്സ് വരെ ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് അതിനുള്ള നിയമപരമായ അവകാശം ലഭിക്കും.

പുതിയ വ്യവസ്ഥ പ്രകാരം, കരാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തില്‍ വിരമിക്കാന്‍ താന്‍ തയ്യാറല്ലെന്ന് ജീവനക്കാരന് ഔദ്യോഗികമായി തൊഴിലുടമയെ അറിയിക്കാം. വിരമിക്കല്‍ തീയതിക്ക് കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും ഈ അറിയിപ്പ് നല്‍കണം. ജീവനക്കാരന്റെ അപേക്ഷ നിരസിക്കാൻ തൊഴിലുടമയ്ക്ക് എളുപ്പമാകില്ല. സ്ഥാപനത്തിന്റെ നിയമാനുസൃത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഈ വിരമിക്കൽ അത്യാവശ്യമാണെന്ന് വ്യക്തവും ന്യായവുമായ കാരണങ്ങളോടെ തെളിയിക്കാന്‍ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്.

നിയമപരമായ സുരക്ഷ ഉറപ്പാക്കുന്നതിനായി വര്‍ക്ക്പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ (WRC) പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് കരുതുന്ന ജീവനക്കാര്‍ക്ക് ഡബ്ലിനിലെ WRC-യില്‍ പരാതി നല്‍കാം. പരാതി ശരിവച്ചാല്‍, നിയമലംഘനം പരിഹരിക്കാന്‍ നിർദ്ദേശിക്കാനോ അല്ലെങ്കിൽ ജീവനക്കാരന് പരമാവധി 104 ആഴ്ചത്തെ വേതനം അല്ലെങ്കില്‍ 40,000 യൂറോ വരെയോ നഷ്ടപരിഹാരം നൽകാൻ കമ്മീഷന് ഉത്തരവിടാം. കൂടാതെ പുതിയ നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് 5,000 യൂറോ വരെ പിഴയും 12 മാസം വരെ തടവും ലഭിച്ചേക്കാം.

തൊഴിലാളികളുടെ കുറവ് അനുഭവപ്പെടുന്ന നിലവിലെ തൊഴില്‍ വിപണിയിലും, പ്രായമേറിവരുന്ന ജനസംഖ്യയുടെ പശ്ചാത്തലത്തിലും, പരിചയസമ്പന്നരായ ജീവനക്കാരെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ കാലം നിലനിര്‍ത്താന്‍ സഹായിക്കുന്ന നിര്‍ണായക നടപടിയായാണ് സാമ്പത്തിക വിദഗ്ധരും ഈ നിയമത്തെ കാണുന്നത്. 65-ാം വയസില്‍ തൊഴില്‍ ജീവിതം അവസാനിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ധാരണയ്ക്കാണ് ഇതോടെ വലിയ മാറ്റമുണ്ടാകുന്നത്. വരും ദിവസങ്ങളിൽ അയർലണ്ടിലെ തൊഴിലിടങ്ങളിലെ വിരമിക്കല്‍ നയങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ക്ക് ഈ നിയമം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.