വിദേശ സഹായ ഫണ്ട് വെട്ടിക്കുറച്ച് ബ്രിട്ടൻ; ആഫ്രിക്കൻ രാജ്യങ്ങളിൽ ആയിരക്കണക്കിന് ജീവനുകൾ അപകടത്തിൽ.
ലണ്ടൻ : അന്താരാഷ്ട്ര വികസന സഹായത്തിനായി (Official Development Assistance) ദേശീയാദായത്തിന്റെ 0.3% മാറ്റിവെക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കാതെ അടുത്ത വർഷം അവസാനത്തോടെ യുകെ 400 മില്യൺ പൗണ്ടിന്റെ കുടിശ്ശിക വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്മെന്റ് (CGD) നടത്തിയ കണക്കുകൂട്ടലുകളിലാണ് 2027 അവസാനത്തോടെ വാഗ്ദാനം ചെയ്ത വികസന സഹായത്തിൽ വലിയ കുറവുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കുന്നത്. ചില വികസിത നിഗമനങ്ങൾ പ്രകാരം ഈ കമ്മി 580 മില്യൺ പൗണ്ട് വരെ ഉയർന്നേക്കാമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
സഹായധനത്തിലുണ്ടാകുന്ന ഈ കനത്ത വെട്ടിക്കുറയ്ക്കൽ ആഫ്രിക്കൻ രാജ്യങ്ങളെയായിരിക്കും ഏറ്റവും ദോഷകരമായി ബാധിക്കുകയെന്ന് CGD സീനിയർ ഫെലോ ഈയാൻ മിച്ചൽ മുന്നറിയിപ്പ് നൽകുന്നു. 400 മില്യൺ പൗണ്ടിന്റെ കുറവ് നികത്താൻ സാധിച്ചാൽ പോലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള സഹായങ്ങൾ പകുതിയായി കുറയുന്നത് തടയാൻ സാധിക്കുമായിരുന്നു. വരും വർഷങ്ങളിൽ ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നതിനും ഭൂഖണ്ഡത്തിന്റെ തെക്ക്-കിഴക്കൻ മേഖലകളിൽ നിന്നുള്ള ബ്രിട്ടന്റെ സാന്നിധ്യം ഇല്ലാതാകുന്നതിനും ഇത് കാരണമാകും.കുട്ടികളുടെ വിദ്യാഭ്യാസം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയെ ബ്രിട്ടന്റെ ഈ പിന്മാറ്റം സാരമായി ബാധിക്കുമെന്ന് സന്നദ്ധ സംഘടനകളും വ്യക്തമാക്കുന്നു. ഏറ്റവും പാവപ്പെട്ട രാജ്യങ്ങൾക്കുള്ള യുകെയുടെ ഫണ്ടിംഗിൽ 6.7% (118 മില്യൺ പൗണ്ട്) ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, കൺസർവേറ്റീവ് പാർട്ടിയും റിഫോം യുകെയും (Reform UK) വിദേശ സഹായ ബജറ്റ് വർഷത്തിൽ 9 ബില്യൺ പൗണ്ടിൽ നിന്ന് 1 ബില്യൺ പൗണ്ടായി വീണ്ടും വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നീക്കം യു.എൻ, വേൾഡ് ബാങ്ക് എന്നിവയ്ക്കുള്ള നിലവിലെ വിഹിതം പോലും നൽകാൻ സാധിക്കാത്ത അവസ്ഥയിലേക്ക് ബ്രിട്ടനെ എത്തിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ജി.എൻ.ഐ അടിസ്ഥാനമാക്കി വരും വർഷങ്ങളിലെ ചെലവുകൾക്ക് കൃത്യമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ (FCDO) വിശദീകരണം.