Sathyian Nedumancherriyil

Subject : വന്യ പരാഗണ ജീവികൾക്ക് ഭീഷണിയായി വളർത്തു തേനീച്ചകൾ; ക്രൂരമായി ആക്രമിച്ച് തുരത്തുന്നതായി പഠനം!

വന്യ പരാഗണ ജീവികൾക്ക് ഭീഷണിയായി വളർത്തു തേനീച്ചകൾ; ക്രൂരമായി ആക്രമിച്ച് തുരത്തുന്നതായി പഠനം!

ലണ്ടൻ: വളർത്തുന്ന തേനീച്ചകൾ (Honeybees) വന്യ പരാഗണ ജീവികളുമായി (Wild Pollinators) പൂന്തേനിനായി മത്സരിക്കുകയും അവയെ ക്രൂരമായി ആക്രമിച്ചു തുരത്തുകയും ചെയ്യുന്നതായി പുതിയ പഠന റിപ്പോർട്ട്. അങ്ഗ്ലിയ റസ്കിൻ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വളർത്തു തേനീച്ചകൾ മറ്റ് പ്രകൃതിദത്ത പരാഗണ ജീവികളുടെ അതിജീവനത്തിന് വലിയ ഭീഷണിയാകുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തേനീച്ചകളുടെ എണ്ണം വർദ്ധിച്ച പ്രദേശങ്ങളിൽ പ്രകൃതിദത്ത വണ്ടുകൾ, ഈച്ചകൾ എന്നിവയുടെ സാന്നിധ്യം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി.

യുകെയിൽ തേനീച്ച വളർത്തൽ വിനോദമായി സ്വീകരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ പതിറ്റാണ്ടിൽ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. 2010-ൽ 19,000 ആയിരുന്ന തേനീച്ച കർഷകരുടെ എണ്ണം 2025 ആയപ്പോഴേക്കും 47,000 ആയി ഉയർന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ വർദ്ധനവ് പ്രകൃതിദത്ത ജീവികളുടെ തീറ്റക്രമത്തെ ബാധിക്കുകയും രോഗങ്ങൾ പടരാൻ കാരണമാവുകയും ചെയ്യുന്നുവെന്ന ആശങ്ക പരിസ്ഥിതി പ്രവർത്തകർക്കിടയിൽ ശക്തമായിട്ടുണ്ട്.

കേംബ്രിജ്ഷെയറിൽ രണ്ടു വർഷത്തോളമായി നടത്തിയ പഠനത്തിൽ പരാഗണ ജീവികൾ തമ്മിലുള്ള മുന്നൂറോളം തർക്കങ്ങൾ ഗവേഷകർ നിരീക്ഷിക്കുകയുണ്ടായി. മറ്റ് പൂമ്പാറ്റകളെയും ഈച്ചകളെയും വണ്ടുകളെയും കടന്നുപിടിച്ചും, തള്ളിയിട്ടും, ആക്രമിച്ചു ഓടിച്ചും തേനും പൂമ്പൊടിയും കൈക്കലാക്കുന്നതിൽ വളർത്തു തേനീച്ചകൾ വിജയിക്കുന്നതായി കണ്ടു. ഇതിനുപുറമെ ഉയർന്ന താപനിലയുള്ള സമയങ്ങളിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ കൂടുതൽ ശക്തമാകുന്നതായും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം പ്രകൃതിയിൽ പൂന്തേൻ കുറയുന്ന സാഹചര്യത്തിൽ ഇത്തരം അക്രമസ്വഭാവമുള്ള മത്സരങ്ങൾ പ്രകൃതിദത്ത പരാഗണ ജീവികളുടെ നാശത്തിന് കാരണമായേക്കാം. അതിനാൽ പ്രകൃതിദത്ത ജീവിവർഗ്ഗങ്ങളെ സംരക്ഷിക്കുന്നതിനായി തേനീച്ച വളർത്തലിൽ വ്യക്തമായ മാനദണ്ഡങ്ങളും മുൻകരുതലുകളും കൈക്കൊള്ളണമെന്ന് പരിസ്ഥിതി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.