Sathyian Nedumancherriyil

Subject : വനിതാ എംപിയെ തള്ളിമാറ്റി: നൈജൽ ഫെറാജിനെതിരെ ഗുരുതര ആരോപണം.

വനിതാ എംപിയെ തള്ളിമാറ്റി: നൈജൽ ഫെറാജിനെതിരെ ഗുരുതര ആരോപണം.

ലണ്ടൻ: യുകെ പാർലമെന്റിൽ വനിതാ എംപിയെ ശാരീരികമായി തള്ളിമാറ്റിയെന്ന ഗുരുതര ആരോപണത്തിൽ പെട്ട് റിഫോം യുകെ പാർട്ടി നേതാവും എംപിയുമായ നൈജൽ ഫെറാജ്. പാർലമെന്റ് ഹൗസിലെ ബജറ്റ് അവതരണത്തിൽ താൻ പങ്കെടുക്കാതിരുന്നത് മുൻപുണ്ടായ തർക്കങ്ങളും ശാരീരികമായ കൈയേറ്റങ്ങളും ഒഴിവാക്കാനാണെന്ന് ഫെറാജ് അവകാശപ്പെട്ടതിന് പിന്നാലെയാണ് വിവാദം ശക്തമായത്.

ലിബറൽ ഡെമോക്രാറ്റ് (Lib Dem) ഡെപ്യൂട്ടി ലീഡർ ഡെയ്‌സി കൂപ്പറാണ് ഫെറാജിനെതിരെ രംഗത്തെത്തിയത്. മേയ് മാസത്തിൽ പാർലമെന്റ് സമ്മേളനത്തിനിടെ ഫെറാജ് തങ്ങളുടെ ഒരു വനിതാ എംപിയെ ശാരീരികമായി തള്ളിമാറ്റിയെന്നും, ഇത് ചോദ്യം ചെയ്ത ഒരു പുരുഷ എംപിയോട് തട്ടിക്കയറിയെന്നുമാണ് ഡെയ്‌സി കൂപ്പർ ആരോപിച്ചത്. ആരോപണവിധേയയായ ലിബറൽ ഡെമോക്രാറ്റ് എംപി കരോളിൻ വോഡൻ, വിഷയത്തിൽ ഫെറാജ് മാപ്പുപറയാൻ കടപ്പെട്ടിരിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.

എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ റിഫോം യുകെ പാർട്ടി, ലിബറൽ ഡെമോക്രാറ്റുകളാണ് ഫെറാജിനോട് അക്രമസ്വഭാവത്തോടെ പെരുമാറിയതെന്ന് തിരിച്ചടിച്ചു. വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള ലിബറൽ ഡെമോക്രാറ്റുകളുടെ നാടകമാണിതെന്നും ഫെറാജിന്റെ വക്താക്കൾ പ്രതികരിച്ചു. ആരോപണങ്ങൾക്ക് മറുപടി നൽകി ഇത്തരം വെസ്റ്റ്മിൻസ്റ്റർ ചർച്ചകളെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് റിഫോം യുകെ ഷാഡോ ചാൻസലർ റോബർട്ട് ജെൻറിക് വ്യക്തമാക്കി.