വനാന്തരത്തിൽ കാമ്പിംഗിനിടെ ദുരന്തം: മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു.
ലണ്ടൻ: കുടുംബത്തോടൊപ്പം കാട്ടിൽ കാമ്പിംഗ് നടത്തുന്നതിനിടെ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. യുകെയിലെ സ്റ്റാഫോർഡ്ഷെയറിലുള്ള ചെസ്ലിൻ ഹേയ്ക്ക് സമീപമുള്ള സ്ട്രോബെറി ലൈനിലെ വനപ്രദേശത്താണ് സംഭവം. കുഞ്ഞിന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് എയർ ആംബുലൻസ് അടക്കമുള്ള അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുഞ്ഞിന്റെ മരണത്തിൽ നിലവിൽ മറ്റ് ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെന്നും, സ്വാഭാവികമല്ലാത്ത മരണമായി കണ്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സ്റ്റാഫോർഡ്ഷെയർ പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന പ്രദേശം ഔദ്യോഗിക കാമ്പിംഗ് കേന്ദ്രമല്ലെങ്കിലും ആളുകൾ മീൻപിടിക്കാനും മറ്റുമായി എത്താറുള്ള പ്രദേശമാണെന്ന് പ്രാദേശികവാസികൾ പറഞ്ഞു.
ഏകദേശം ഏഴായിരത്തോളം ആളുകൾ വസിക്കുന്ന ശാന്തമായ ഗ്രാമത്തിൽ കുഞ്ഞിന്റെ മരണം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പൊലീസ് പ്രദേശം പൂട്ടിയിട്ട് വിശദമായ അന്വേഷണം നടത്തുകയാണ്. വിഷയം സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും, ദുരന്തത്തിൽപ്പെട്ട കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും പ്രാദേശിക ജനപ്രതിനിധികൾ അഭ്യർത്ഥിച്ചു.