വധശിക്ഷ ലൈവായി സംപ്രേഷണം ചെയ്യാൻ യു.എസ്; താലിബാനും ഇറാനും ഒപ്പം അമേരിക്കയും വിവാദത്തിലേക്ക്.
വാഷിംഗ്ടൺ: ടെക്സസിലെ സൈനിക ക്യാമ്പിൽ 13 പേരെ വെടിവെച്ചുകൊന്ന മുൻ സൈനിക മേജർ നിദാൽ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നീക്കം വൻ വിവാദത്തിലേക്ക്. പ്ലാൻ മുൻപോട്ടുപോയാൽ, പരസ്യമായി വധശിക്ഷ നടപ്പാക്കുന്ന ഇറാന്റെയും താലിബാന്റെയും നിരയിലേക്ക് അമേരിക്കയും എത്തും.
ഡിസംബർ 3-ന് അക്രമം നടന്ന അതേ സ്ഥലത്തുവെച്ച് തോക്കുപയോഗിച്ച് തന്നെ വധശിക്ഷ നടപ്പാക്കാനാണ് യു.എസ് പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നത്. 1930-കൾക്ക് ശേഷം അമേരിക്കയിൽ പരസ്യമായി വധശിക്ഷ നടപ്പാക്കുന്നത് ആദ്യമായിട്ടായിരിക്കും. എന്നാൽ ഇതിനെതിരെ ഫെഡറൽ കോടതിയിൽ അപ്പീൽ നൽകാൻ നിദാൽ ഹസന് അവസരമുണ്ട്.
നിലവിൽ ഇറാനും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും മാത്രമാണ് പരസ്യമായി വധശിക്ഷ നടപ്പാക്കി വരുന്നത്. കായിക സ്റ്റേഡിയങ്ങളിലും പൊതുചതുരങ്ങളിലും ആളുകൾ നോക്കിനിൽക്കെ തൂക്കിലേറ്റിയും വെടിവെച്ചും ശിക്ഷ നടപ്പാക്കുന്നത് ജനങ്ങളിൽ ഭയം സൃഷ്ടിക്കാനും അധികാരം ഉറപ്പിക്കാനുമാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കുന്നു.
ലോകമെമ്പാടും മരണശിക്ഷ നടപ്പാക്കുന്ന സംഭവങ്ങളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 2,700-ലധികം വധശിക്ഷകൾ റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ 2,100-ലധികവും ഇറാനിലായിരുന്നു. ക്രിമിനൽ വിരുദ്ധ നടപടികളുടെയും രാഷ്ട്രീയ നേട്ടങ്ങളുടെയും പേരിൽ നടത്തുന്ന ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി.