ലോസ് ആഞ്ചലസിൽ ഹെലികോപ്റ്റർ തകർന്നു വീണ് മൂന്ന് മരണം; പ്രദേശത്ത് ആശങ്ക!
ലോസ് ആഞ്ചലസ്: യുഎസിലെ ലോസ് ആഞ്ചലസിൽ ഹെലികോപ്റ്റർ തകർന്ന് വീണ് കുറഞ്ഞത് മൂന്ന് പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ലോസ് ആഞ്ചലസ് ഫയർ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. അതേ ദിവസം തന്നെ പ്രദേശത്ത് ഒരു ബസ് അപകടവും നടന്നിരുന്നു.
പാർക്കിംഗ് സ്ഥലത്തേക്ക് ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നുവെന്ന് ഫയർ ഡിപ്പാർട്ട്മെന്റ് വക്താവ് ക്യാപ്റ്റൻ ബ്രാൻഡൻ സിൽവർമാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്നവരെയും പുറത്തുണ്ടായിരുന്നവരെയും കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. മരിച്ചവരിൽ ഒരാൾ പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്നയാളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് ഹെലികോപ്റ്റർ പൂർണ്ണമായി കത്തിനശിച്ചു. സ്ഥലത്ത് എത്തിയ അമ്പതിലധികം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണച്ചു. തീപിടുത്തത്തിൽ നാല് വാഹനങ്ങളും രണ്ട് സ്റ്റോറേജ് കണ്ടെയ്നറുകളും ഭാഗികമായി നശിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ തീയണക്കാൻ കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.
നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) സംഭവത്തിൽ സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ ദിവസം തന്നെ മറ്റൊരു വാഹനപകടത്തിൽ എസ്‌യുവി ബസിൽ ഇടിച്ച് രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.