ലോസ് ആഞ്ചലസിലെ ഇരട്ടദുരന്തം; ബസ് അപകടത്തിന് പിന്നാലെ ഹെലികോപ്റ്റർ തകർന്ന് മൂന്ന് പേർ കൂടി മരിച്ചു!
ലോസ് ആഞ്ചലസ്: യുഎസിലെ ലോസ് ആഞ്ചലസിൽ മദ്യലഹരിയിൽ അശ്രദ്ധമായി വാഹനം ഓടിച്ച് ബസിലിടിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കൊലക്കുറ്റം ചുമത്തി. ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഡാനിയൽ കാസ്റ്റിലോ (46), ഗേജ് വീഡ (31) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ 36 കാരിയായ ബെയ്ലി ലിൻ റിയോസിനെതിരെ രണ്ട് കൊലക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 4.1 ദശലക്ഷം ഡോളർ ജാമ്യത്തുകയിൽ ഇവരെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്.
ഈ അപകടസ്ഥലത്തേക്ക് റിപ്പോർട്ടിംഗിനായി എത്തിയ വാർത്താ ഹെലികോപ്റ്റർ തകർണുവീണ് പൈലറ്റ് ജോർജ് മാർസിനിവ്, റിപ്പോർട്ടർ എലിയാന മൊറീനോ, താഴെ റോഡിലുണ്ടായിരുന്ന കാൽനടയാത്രക്കാരനായ എഡി ഗുട്ടേരസ് മെജിയ എന്നിവരും കൊല്ലപ്പെട്ടിരുന്നു. ഈ ഇരട്ടദുരന്തം പ്രദേശത്തെ കടുത്ത ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. വ്യാഴാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി തിരിതെളിക്കൽ ചടങ്ങും സംഘടിപ്പിച്ചിരുന്നു.
ഹെലികോപ്റ്റർ തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് പകർത്തിയ അവസാന നിമിഷങ്ങളിലെ വീഡിയോ ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണ്ണായകമാകുമെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് വ്യക്തമാക്കി. ഹെലികോപ്റ്ററിനുള്ളിലെ അലാറം ശബ്ദവും കാബിനിലെ സംഭാഷണങ്ങളും അപകടകാരണത്തിലേക്ക് വെളിച്ചം വീശുന്നതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എഞ്ചിൻ തകരാറോ റോറ്റർ വേഗത കുറഞ്ഞതോ ആകാം ദുരന്തത്തിന് കാരണമെന്നാണ് വ്യോമയാന സുരക്ഷാ വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ.
2000-ാമാണ്ടുമുതൽ യുഎസിൽ വാർത്താ ഹെലികോപ്റ്ററുകൾ തകർന്ന് 16 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഫെഡറൽ കണക്കുകൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) എൻ.ടി.എസ്.ബി (NTSB) സംയുക്തമായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസിനെ നടുക്കിയ ഈ ദാരുണ സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.