ലോട്ടറിയുടെ ലേബലിൽ വാതുവെപ്പ് മാഫിയയോ? ബ്രിട്ടനിൽ പുതിയ മേധാവിയുടെ നിയമനത്തിനെതിരെ കടുത്ത അമർഷം!.
ലണ്ടൻ: യുകെയിലെ നാഷണൽ ലോട്ടറിയുടെ ഇടക്കാല ചീഫ് എക്സിക്യൂട്ടീവായി (CEO) ഫിൽ വാക്കറെ നിയമിച്ച നടപടി വൻ വിവാദത്തിലേക്ക്. ലോട്ടറിയെ നയിക്കാൻ വാതുവെപ്പ്, സ്ലോട്ട് മെഷീൻ (Slot Machine) മേഖലയിൽ പ്രവർത്തിച്ച് പരിചയമുള്ളയാളെ ചുമതലപ്പെടുത്തിയതിനെതിരെ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
മുമ്പ് വാതുവെപ്പ് ഏജൻസിയായ വില്ല്യം ഹില്ലിന്റെ (William Hill) മേധാവിയായിരുന്നപ്പോൾ പണം വെളുപ്പിക്കൽ തടയുന്നതിൽ പരാജയപ്പെട്ടതിന് ഫിൽ വാക്കർക്ക് റഗുലേറ്റർ ഉപരോധം ഏർപ്പെടുത്തിയിരുന്നു. കൂടാതെ തെരുവുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ഗെയിം നേഷൻ’ എന്ന ജനപ്രിയ സ്ലോട്ട് മെഷീൻ ശൃംഖലയുടെ ബോർഡ് അംഗം കൂടിയാണ് ഇദ്ദേഹം. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഇത്തരം മേഖലകളിൽ നിന്നുള്ള ഒരാളെ ലോട്ടറിയുടെ തലപ്പത്ത് ഇരുത്തുന്നത് ശരിയല്ലെന്നാണ് എം.പിമാരുടെ വാദം.
ബ്രിട്ടനിലെ ഏറ്റവും വലിയ പൊതുമേഖലാ കരാറുകളിലൊന്നായ ലോട്ടറി, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ശതകോടികളാണ് സംഭാവന നൽകുന്നത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, പ്രതിഷേധം ഭയന്ന് ഗെയിം നേഷനിലെ സ്ഥാനത്തുനിന്ന് താൽക്കാലികമായി മാറിനിൽക്കാൻ ഫിൽ വാക്കർ തീരുമാനിച്ചു. എന്നാൽ ഇദ്ദേഹത്തിന്റെ പശ്ചാത്തലം പരിശോധിക്കാതെയാണോ നിയമനം നടത്തിയത് എന്ന് റഗുലേറ്ററോട് ജനപ്രതിനിധികൾ ചോദ്യമുന്നയിച്ചിട്ടുണ്ട്.