Sathyian Nedumancherriyil

Subject : ലണ്ടൻ സംഗീത പരിപാടി മുടങ്ങി; വിദ്വേഷ പ്രചാരണമെന്നാരോപിച്ച് ‘യേ’യെ തടഞ്ഞ് യുകെ സർക്കാർ.

ലണ്ടൻ സംഗീത പരിപാടി മുടങ്ങി; വിദ്വേഷ പ്രചാരണമെന്നാരോപിച്ച് ‘യേ’യെ തടഞ്ഞ് യുകെ സർക്കാർ.

ലണ്ടൻ :  യഹൂദ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പ്രശസ്ത അമേരിക്കൻ റാപ്പർ കാനി വെസ്റ്റിന് (യേ) ബ്രിട്ടനിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ലണ്ടനിൽ നടക്കാനിരിക്കുന്ന ‘വയർലെസ് ഫെസ്റ്റിവലിൽ’ പങ്കെടുക്കാനായി താരം നൽകിയ അപേക്ഷ അധികൃതർ തള്ളുകയായിരുന്നു. കാനിയുടെ സാന്നിധ്യം രാജ്യത്തിന്റെ പൊതുനന്മയ്ക്ക് ഗുണകരമാകില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി.

നേരത്തെ ഓൺലൈനായി അനുവദിച്ച യാത്രാ അനുമതി പിന്നീട് പുനഃപരിശോധനയ്ക്ക് ശേഷം റദ്ദാക്കുകയായിരുന്നു. അഡോൾഫ് ഹിറ്റ്‌ലറെ പുകഴ്ത്തി സംസാരിച്ചതും നാസി ചിഹ്നങ്ങളും ഗാനങ്ങളും ഉപയോഗിച്ചതും കാനിക്കെതിരെ ആഗോളതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

കാനിയുടെ സന്ദർശനത്തിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും യഹൂദ സംഘടനകളും രംഗത്തെത്തിയിരുന്നു. തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനോ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകാനോ സാധ്യതയുള്ള വ്യക്തികളെ തടയാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി.

തന്റെ പ്രവർത്തികളിൽ ക്ഷമ ചോദിച്ചും ബൈപോളാർ ഡിസോർഡർ മൂലമാണ് ഇത്തരത്തിൽ പെരുമാറിയതെന്ന് വിശദീകരിച്ചും താരം രംഗത്തെത്തിയിരുന്നെങ്കിലും അധികൃതർ ഇത് കണക്കിലെടുത്തില്ല. കാനിയുടെ ഗാനങ്ങളിലെ വിദ്വേഷപരമായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ബ്രിട്ടനിലെ യഹൂദ സംഘടനകൾ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.