ലണ്ടൻ കോടതിയിൽ വംശീയ അധിക്ഷേപം: ‘ഇത് പ്രതികൾക്കുള്ള പാർക്കിങ് അല്ല’; കറുത്തവർഗ്ഗക്കാരനായ ബാരസ്റ്ററെ തടഞ്ഞ് സെക്യൂരിറ്റി.
ലണ്ടൻ: ലണ്ടനിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ വംശീയ അധിക്ഷേപങ്ങളും മുൻവിധികളും ഇപ്പോഴും ശക്തമായി തുടരുന്നുവെന്ന് വ്യക്തമാക്കി മുതിർന്ന കറുത്തവർഗ്ഗക്കാരനായ ബാരസ്റ്റർ സ്റ്റീഫൻ അകിൻസന്യ. ഈസ്റ്റ് ലണ്ടനിലെ കോടതി സമുച്ചയത്തിൽ വാഹനം പാർക്ക് ചെയ്യാൻ എത്തിയ തന്നെ, “ഇത് പ്രതികൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലമല്ല” എന്ന് പറഞ്ഞ് സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി.
അഭിഭാഷകന്റെ ഔദ്യോഗിക വസ്ത്ര ധാരണത്തിലായിരുന്നിട്ടും, കറുത്തവർഗ്ഗക്കാരനായതിനാലാണ് തന്നെ പ്രതിയായി ചിത്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഒ.ബി.ഇ (OBE) ബഹുമതി നൽകി രാജ്യം ആദരിച്ച പ്രമുഖ വക്കീലാണ് സ്റ്റീഫൻ. 33 വർഷം മുൻപ് അഭിഭാഷകനായി ജോലി തുടങ്ങിയപ്പോഴും സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും, ഇത്രയും വർഷങ്ങൾക്ക് ശേഷവും നീതിന്യായ മേഖലയിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിമിനൽ ബാർ അസോസിയേഷന്റെ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഈ ദുരനുഭവം പങ്കുവെച്ചത്. ബ്രിട്ടനിലെ ജുഡീഷ്യറിയിൽ കറുത്തവർഗ്ഗക്കാരായ ന്യായാധിപന്മാരുടെ എണ്ണം വളരെ കുറവാണെന്നും, യോഗ്യരായ പലരെയും ബോധപൂർവ്വം ഒഴിവാക്കുകയാണെന്നും ചർച്ചയിൽ ഉയർന്നുവന്നു. ഇംഗ്ലണ്ടിലും വെയിൽസിലുമായി നിലവിൽ 1.6 ശതമാനം കറുത്തവർഗ്ഗക്കാരായ ന്യായാധിപന്മാർ മാത്രമാണുള്ളത്. വംശീയമായ ഇത്തരം വേർതിരിവുകൾക്കെതിരെ ശക്തമായ മേൽനോട്ട സമിതി രൂപീകരിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.