ലണ്ടനിൽ കടുത്ത പോരാട്ടത്തിന് വഴിതുറന്നു; കിയർ സ്റ്റാർമറുടെ മണ്ഡലത്തിൽ ഗ്രീൻ പാർട്ടി നേതാവ് സാക്ക് പൊളാൻസ്കി മത്സരിക്കും!
ലണ്ടൻ: ഹോൾബോൺ ആൻഡ് സെന്റ് പാൻക്രാസ് ഉപതിരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയായി താൻ മത്സരിക്കുമെന്ന് പാർട്ടി നേതാവ് സാക്ക് പൊളാൻസ്കി പ്രഖ്യാപിച്ചു. കിയർ സ്റ്റാർമർ എംപി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന മണ്ഡലത്തിലാണ് പൊളാൻസ്കി ജനവിധി തേടുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ സാധാരണക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ജീവിതച്ചെലവ് പ്രശ്നങ്ങൾക്കും വേണ്ടി പാർലമെന്റിൽ ശക്തമായി ശബ്ദമുയർത്തുമെന്ന് അദ്ദേഹം കാംഡൻ ന്യൂ ജേണലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പുറത്തുനിന്നൊരാൾ മത്സരിക്കാനെത്തുന്നു എന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ പൊളാൻസ്കി, വർഷങ്ങളായി ഈ പ്രദേശത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്ന് ഓർമ്മിപ്പിച്ചു. ലണ്ടന്റെ സവിശേഷതകൾ പ്രതിഫലിപ്പിക്കുന്ന ഈ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ സാധിക്കുന്നതിൽ വലിയ പ്രതീക്ഷയുണ്ടെന്നും നിലവിൽ ലണ്ടൻ അസംബ്ലി അംഗം കൂടിയായ അദ്ദേഹം പറഞ്ഞു. ദീർഘകാലമായി മണ്ഡലത്തെ പ്രതിനിധീകരിച്ചവർ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
പര പരമ്പരാഗതമായി ലേബർ പാർട്ടിയുടെ ശക്തമായ കോട്ടയായി അറിയപ്പെടുന്ന ഹോൾബോൺ ആൻഡ് സെന്റ് പാൻക്രാസിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഗ്രീൻ പാർട്ടി വലിയ മുന്നേറ്റമാണ് നടത്തിയത്. വൻകിട കോർപ്പറേറ്റുകളുടെയും വൻകിട സംഭാവനക്കാരുടെയും താല്പര്യ സംരക്ഷണത്തിനാണ് ലേബർ പാർട്ടി മുൻഗണന നൽകുന്നത്. എന്നാൽ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പേടിയില്ലാതെ പൊരുതാൻ തനിക്ക് സാധിക്കുമെന്നും അതിനാൽ ഗ്രീൻ പാർട്ടിക്ക് ഇവിടെ വിജയിക്കാനാകുമെന്നും പൊളാൻസ്കി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ലണ്ടനിലെ ആദ്യത്തെ ഗ്രീൻ പാർട്ടി എംപിയെ തിരഞ്ഞെടുത്ത് ചരിത്രം കുറിക്കാനുള്ള അവസരമാണ് ഈ ഉപതിരഞ്ഞെടുപ്പെന്ന് അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു. ലേബർ പാർട്ടിയും ഗ്രീൻ പാർട്ടിയും തമ്മിലുള്ള ശക്തമായ പോരാട്ടമായിരിക്കും മണ്ഡലത്തിൽ നടക്കുക. അതിസമ്പന്നരിലേക്ക് മാത്രം പണം കേന്ദ്രീകരിക്കുന്ന ഇപ്പോഴത്തെ സാമ്പത്തിക വ്യവസ്ഥിതിക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകാൻ ജനങ്ങൾക്ക് ലഭിച്ച അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.