Sathyian Nedumancherriyil

Subject : റെക്കോർഡ് ചൂടിൽ വിയർത്ത് യുകെ; NHS ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ

റെക്കോർഡ് ചൂടിൽ വിയർത്ത് യുകെ; NHS ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ

ലണ്ടൻ: ഈ വേനൽക്കാലത്തുണ്ടായ അഞ്ച് കടുത്ത ഉഷ്ണതരംഗങ്ങളെത്തുടർന്ന് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS) ഇതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധിയിലായി. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കടുത്ത ചൂട് മനുഷ്യന്റെ ആരോഗ്യത്തെ അഭൂതപൂർവ്വമായി ബാധിക്കുന്നുവെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് ഈ സാഹചര്യം. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ റെക്കോർഡ് ചൂടിൽ എമർജൻസി (A&E) വിഭാഗങ്ങൾ, ആംബുലൻസ് സേവനങ്ങൾ, NHS 111 ടെലിഫോൺ ഹെൽപ്പ് ലൈൻ എന്നിവയിലെല്ലാം സേവനം തേടിയെത്തിയവരുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്.

വേനൽക്കാല മാസങ്ങളിൽ മാത്രം ഏകദേശം 7.3 ദശലക്ഷം (72,68,445) ആളുകളാണ് ഇംഗ്ലണ്ടിലെ എമർജൻസി വിഭാഗങ്ങളിൽ ചികിത്സ തേടിയത്. 2025-ലെ ഇതേ കാലയളവിനേക്കാൾ 2,40,000 പേർ കൂടുതലാണിത്. കൂടാതെ ആംബുലൻസ് കോൾഔട്ടുകൾ 2.46 ദശലക്ഷമായും NHS 111 കോളുകൾ 3 ദശലക്ഷത്തിലധികമായും ഉയർന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

അമിതമായ ആവശ്യകത കാരണം നിരവധി ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റിയ സാഹചര്യത്തിൽ, പ്രതിസന്ധി മറികടക്കാൻ സർക്കാർ 1.5 ബില്യൺ പൗണ്ടിന്റെ അടിയന്തര ഫണ്ട് പ്രഖ്യാകോപിച്ചു. പുതിയ ഓപ്പറേറ്റിംഗ് തിയേറ്ററുകൾ, ചിൽഡ്രൻസ് വാർഡുകൾ, മെറ്റേണിറ്റി യൂണിറ്റുകൾ എന്നിവ നിർമ്മിക്കുന്നതിനും, അതികഠിനമായ ചൂടിനെ പ്രതിരോധിക്കാൻ ആശുപത്രികളെ സജ്ജമാക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കും.

അതിനിടെ, ഇംഗ്ലണ്ടിലെ എച്ച്എസ്‌എസ് വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളവരുടെ എണ്ണം ജൂലൈയിൽ 7.3 ദശലക്ഷമായി ഉയർന്നു. കടുത്ത വേനൽ ഉണ്ടാക്കിയ അടിയന്തര സാഹചര്യങ്ങൾ ശസ്ത്രക്രിയകളും മറ്റ് പതിവ് ചികിത്സകളും വൈകാൻ കാരണമായിട്ടുണ്ട്. 2029-ഓടെ 92% രോഗികൾക്കും 18 ആഴ്ചയ്ക്കുള്ളിൽ ചികിത്സ ഉറപ്പാക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം പാലിക്കുന്നത് ഈ പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൻ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.