Sathyian Nedumancherriyil

Subject : രോഗികളോട് സംസാരിക്കാൻ സമയമില്ല; യുകെയിൽ കുടുംബ ഡോക്ടർമാരുടെ സേവനം പ്രതിസന്ധിയിൽ.

രോഗികളോട് സംസാരിക്കാൻ സമയമില്ല; യുകെയിൽ കുടുംബ ഡോക്ടർമാരുടെ സേവനം പ്രതിസന്ധിയിൽ.

ലണ്ടൻ: യുകെയിലെ കുടുംബ ഡോക്ടർമാർക്ക് (GPs) രോഗികളുമായി അവരുടെ ജീവിതശൈലിയെക്കുറിച്ചോ ആരോഗ്യ കാര്യങ്ങളെക്കുറിച്ചോ വിശദമായി സംസാരിക്കാൻ സമയം ലഭിക്കുന്നില്ലെന്ന് പുതിയ പഠന റിപ്പോർട്ട്. രാജ്യത്ത് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതോടെ തിരക്ക് വർധിച്ചതാണ് ഇതിന് പ്രധാന കാരണം. റോയൽ കോളേജ് ഓഫ് ജിപീസ് (RCGP) നടത്തിയ സർവേയിലാണ് നാലിൽ മൂന്ന് കുടുംബ ഡോക്ടർമാരും സമയപരിമിതി മൂലം വലയുകയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

വർധിച്ചുവരുന്ന ജോലിഭാരവും വെറും പത്ത് മിനിറ്റ് മാത്രം നീളുന്ന അപ്പോയിന്റ്‌മെന്റ് സമയവും കാരണം പുകവലി ഉപേക്ഷിക്കൽ, ശരീരഭാരം കുറയ്ക്കൽ, കൃത്യമായ ഉറക്കം, വ്യായാമം എന്നിവയെക്കുറിച്ച് രോഗികളോട് വിശദമായി സംസാരിക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നില്ല.

തുടക്കത്തിൽ തന്നെ രോഗങ്ങൾ കണ്ടെത്താനും പ്രതിരോധിക്കാനും ഡോക്ടർമാർക്ക് മതിയായ സമയം ലഭിക്കാത്തത് ആശങ്കാജനകമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തിരക്കുപിടിച്ച പരിശോധനകൾക്കിടയിൽ രോഗിയുടെ അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മാത്രമാണ് നിലവിൽ സാധിക്കുന്നത്. പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒരു രോഗിയോട് അതിനായി ഡോക്ടർ സമയം ചെലവഴിക്കേണ്ടതുണ്ടെങ്കിലും തങ്ങൾക്കതിന് സാധിക്കാറില്ലെന്ന് ആർസിജിപി പ്രസിഡന്റ് പ്രൊഫ. വിക്ടോറിയ ട്സോർട്സിയു ബ്രൗൺ വ്യക്തമാക്കി.

രോഗങ്ങൾ വരുന്നതിന് മുൻപ് തടയുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങണമെങ്കിൽ കൂടുതൽ ജിപിമാരെ നിയമിക്കുകയും രോഗികളുമായി സംസാരിക്കാൻ കൂടുതൽ സമയം അനുവദിക്കുകയും വേണമെന്ന് റോയൽ കോളേജ് ആവശ്യപ്പെട്ടു. ഇതിനിടെ, പൊതുജനങ്ങളിൽ 64 ശതമാനം പേരും ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് തങ്ങളുടെ കുടുംബ ഡോക്ടർമാരെയാണെന്ന് വാപോളിംഗ് സർവേ വ്യക്തമാക്കുന്നു. വെബ്‌സൈറ്റുകളെക്കാളും സോഷ്യൽ മീഡിയയേക്കാളും ജനങ്ങൾ ജിപിമാരെ വിശ്വസിക്കുമ്പോഴാണ് ഈ സേവന മേഖല കടുത്ത സമയപരിമിതി നേരിടുന്നത്.