Sathyian Nedumancherriyil

Subject : രാഷ്ട്രീയ അതിക്രമങ്ങൾക്ക് ശേഷം ധ്രുവീകരണം വീണ്ടും വരുന്നത് അപകടകരം; അലിസ്റ്റർ ക്യാമ്പ്ബെൽ.

രാഷ്ട്രീയ അതിക്രമങ്ങൾക്ക് ശേഷം ധ്രുവീകരണം വീണ്ടും വരുന്നത് അപകടകരം; അലിസ്റ്റർ ക്യാമ്പ്ബെൽ.

ലണ്ടൻ : രാഷ്ട്രീയ നേതാക്കൾക്കെതിരായ അതിക്രമങ്ങൾക്ക് ശേഷവും രാഷ്ട്രീയ രംഗത്ത് അമിതമായ വാഗ്വാദങ്ങളും ധ്രുവീകരണവും അതിവേഗം തിരിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് ടോണി ബ്ലെയറിന്റെ മുൻ മാധ്യമ ഉപദേഷ്ടാവ് അലിസ്റ്റർ ക്യാമ്പ്ബെൽ. ഓസ്ട്രേലിയയിൽ സ്വതന്ത്ര എം.പി ഹെലൻ ഹെയ്ൻസിന് നേർക്കെയുണ്ടായ ക്രൂരമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദ ഗാർഡിയന്റെ ‘ഓസ്ട്രേലിയൻ പൊളിറ്റിക്സ്’ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടനിൽ ജോ കോക്സ്, ഡേവിഡ് അമെസ് തുടങ്ങിയ എം.പിമാർക്ക് നേരെ ആക്രമണങ്ങളുണ്ടായപ്പോഴും സമാനമായ രീതിയിൽ രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം വരുത്താൻ ആഹ്വാനങ്ങൾ ഉയർന്നിരുന്നെങ്കിലും പിന്നീട് കാര്യങ്ങൾ പഴയതുപോലെ തന്നെ തുടരുകയാണുണ്ടായതെന്ന് ക്യാമ്പ്ബെൽ ചൂണ്ടിക്കാണിച്ചു.

ഓസ്ട്രേലിയയിലെ വടക്കൻ വിക്ടോറിയയിൽ വെച്ച് ആക്രമണത്തിനിരയായ ഹെലൻ ഹെയ്ൻസിന് ഇരു കാലുകളും നഷ്ടപ്പെട്ടിരുന്നു. ഈ സംഭവത്തിൽ 43 കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും സംസാരശൈലി സാധാരണക്കാരെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് എല്ലാവരും പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ക്യാമ്പ്ബെൽ അഭിപ്രായപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിനിധീകരിക്കുന്നത് തങ്ങൾ രാഷ്ട്രീയത്തിൽ കാണാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണെന്നും, ജനപ്രിയ രാഷ്ട്രീയത്തിന്റെ (Populism) വെല്ലുവിളികൾക്കിടയിൽ ജാധിപത്യ രാഷ്ട്രീയത്തിന് മേലുള്ള വിശ്വാസം വീണ്ടെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങൾ ഇതുവരെ പൂർണ്ണമായി പരിഹരിക്കാൻ ലോകത്തിന് സാധിച്ചിട്ടില്ലെന്നും, ബാങ്കുകൾക്ക് അനുകൂലമായ സഹായങ്ങളും സാധാരണക്കാർക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് (Austerity) ഇത് സമ്മാനിച്ചതെന്നും ക്യാമ്പ്ബെൽ വിലയിരുത്തി. ജീവിതച്ചെലവ് വർദ്ധിച്ചതും സാധാരണക്കാരുടെ ജീവിതനിലവാരം ഉയരാത്തതുമാണ് ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരതയ്ക്കും ജനപ്രിയ രാഷ്ട്രീയത്തിന്റെ വളർച്ചയ്ക്കും പ്രധാന കാരണം. രാഷ്ട്രീയ രംഗത്ത് ആരോഗ്യകരമായ സംവാദരീതികളും പരസ്പര ബഹുമാനവും തിരികെ കൊണ്ടുവരാൻ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഒരേപോലെ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.