Sathyian Nedumancherriyil

Subject : രാജ്യത്തെ ആകെ ഊർജ്ജ ആവശ്യത്തേക്കാൾ കൂടുതൽ ഡാറ്റാ സെന്ററുകൾ: വ്യാജ പദ്ധതികളെ ഒഴിവാക്കാൻ കടുത്ത വ്യവസ്ഥകൾ.

രാജ്യത്തെ ആകെ ഊർജ്ജ ആവശ്യത്തേക്കാൾ കൂടുതൽ ഡാറ്റാ സെന്ററുകൾ: വ്യാജ പദ്ധതികളെ ഒഴിവാക്കാൻ കടുത്ത വ്യവസ്ഥകൾ.

ലണ്ടൻ: ബ്രിട്ടനിലെ വൈദ്യുതി ഗ്രിഡിൽ അനുഭവപ്പെടുന്ന കടുത്ത തിരക്കും കാത്തിരിപ്പും ഒഴിവാക്കാൻ ഡാറ്റാ സെന്റർ പദ്ധതികൾക്ക് വൻതുക മുൻകൂട്ടി അടയ്ക്കാനുള്ള നിർദ്ദേശവുമായി ഊർജ്ജ മേഖല റെഗുലേറ്ററായ ഓഫ്‌ജെം (Ofgem). രാജ്യത്ത് നിലവിൽ 315 ഡാറ്റാ സെന്ററുകളാണ് വൈദ്യുതി കണക്ഷനായി ക്യൂവിൽ നൽക്കുന്നത്. ഇവയ്ക്ക് ആകെ ആവശ്യമായത് 73 ഗിഗാവാട്ട് (GW) വൈദ്യുതിയാണ്. ഇത് യുകെയുടെ ആകെ പരമാവധി ഊർജ്ജ ആവശ്യമായ 45 ഗിഗാവാട്ടിനേക്കാൾ 30 ഗിഗാവാട്ട് കൂടുതലാണെന്നതാണ് സ്ഥിതിഗതികൾ ഗൗരവതരമാക്കുന്നത്.

ക്യൂവിൽ നിൽക്കുന്ന വ്യാജവും പ്രായോഗികമല്ലാത്തതുമായ പദ്ധതികളെ ഒഴിവാക്കുന്നതിനായി പദ്ധതികൾക്ക് തുക ലെറ്റർ ഓഫ് ക്രെഡിറ്റായോ ബോണ്ടായോ ബാങ്ക് ഡെപ്പോസിറ്റായോ മുൻകൂട്ടി നൽകേണ്ടിവരും. ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട കമ്പനികളുടെ ഉൾപ്പെടെയുള്ള ഡാറ്റാ സെന്റർ ദാതാക്കൾ 500 മെഗാവാട്ട് ഗ്രിഡ് ശേഷി റിസർവ് ചെയ്യുന്നതിനായി 350 മില്യൺ പൗണ്ട് വരെ മുൻകൂട്ടി നൽകേണ്ടി വരും. കണക്ഷൻ ലഭിച്ച് ഡാറ്റാ സെന്ററുകൾ പ്രവർത്തനം ആരംഭിക്കുമ്പോൾ ഈ തുക തിരികെ നൽകും. നിർദ്ദേശങ്ങളിൽ കൂടുതൽ അഭിപ്രായരൂപീകരണത്തിനായി പൊതു കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്.

ലക്ഷ്യങ്ങൾ കൈവരിക്കാത്ത പദ്ധതികളെ ക്യൂവിൽ നിന്ന് നേരിട്ട് ഒഴിവാക്കാനാണ് ഓഫ്‌ജെം ഉദ്ദേശിക്കുന്നത്. നിക്ഷേപകരെ കണ്ടെത്തുക, ഉപഭോക്താക്കളെ ഉറപ്പാക്കുക തുടങ്ങിയ കർശനമായ വ്യവസ്ഥകൾ പൂർത്തിയാക്കുന്ന പദ്ധതികൾക്ക് മാത്രമേ മുൻഗണന നൽകൂ. കൃത്യമായി നിർമ്മിക്കാൻ സാധ്യതയുള്ള പദ്ധതികൾക്ക് മാത്രം ഊർജ്ജം നൽകാനാണ് ഈ നീക്കമെന്ന് റെഗുലേറ്റർ വ്യക്തമാക്കി. കഴിഞ്ഞ വർഷം മുതൽ ഡാറ്റാ സെന്ററുകളുടെ അപേക്ഷകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് ആവശ്യമായ ഡാറ്റാ സെന്ററുകളുടെ വർദ്ധനവ് ബ്രിട്ടനിൽ മാത്രമല്ല, ആഗോളതലത്തിലും വലിയ ഊർജ്ജ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഊർജ്ജ ശേഷിയില്ലാത്ത “സോംബി പ്രൊജക്റ്റുകളെ” ഒഴിവാക്കി യഥാർത്ഥ വികസനങ്ങൾക്ക് വഴിതുറക്കാനുള്ള നീക്കത്തിലാണ് ബ്രിട്ടീഷ് ഗ്രിഡ് ഓപ്പറേറ്ററായ നെസോ (Neso). വരും വർഷങ്ങളിൽ ഉണ്ടാകുന്ന വൻ ഊർജ്ജ ആവശ്യകത നിറവേറ്റാൻ ഇത്തരം കർശന നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധരും വ്യക്തമാക്കുന്നു