Sathyian Nedumancherriyil

Subject : രഹസ്യ സംഘടനകളിലെ അംഗത്വം പോലീസിന് വേണ്ട; ബ്രിട്ടീഷ് കോടതി വിധിക്ക് പിന്നാലെ അയര്‍ലണ്ടിലും നടപടി.

രഹസ്യ സംഘടനകളിലെ അംഗത്വം പോലീസിന് വേണ്ട; ബ്രിട്ടീഷ് കോടതി വിധിക്ക് പിന്നാലെ അയര്‍ലണ്ടിലും നടപടി.

ഗാര്‍ഡാ സേനയില്‍ ഇനി രഹസ്യ സംഘടനകള്‍ക്ക് സ്ഥാനമില്ല; ഫ്രീമേസണ്‍സ് അംഗത്വത്തിന് വിലക്ക്.

ഡബ്ലിന്‍: അയര്‍ലണ്ട് പോലീസ് സേനയായ ‘ആന്‍ ഗാര്‍ഡാ ഷിക്കോണ’യിലെ (An Garda Síochána) അംഗങ്ങള്‍ക്ക് ഫ്രീമേസണ്‍സ് (Freemasons) ഉള്‍പ്പെടെയുള്ള സംഘടനകളില്‍ ചേരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ലണ്ടനിലെ മെട്രോപൊളിറ്റന്‍ പോലീസ് സമാനമായ നടപടി സ്വീകരിച്ചതും ഇതിനെതിരെ നല്‍കിയ ഹര്‍ജി യു കെ ഹൈക്കോടതി തള്ളിയതും പരിഗണിച്ചാണ് ഐറിഷ് പോലീസിന്റെ ഈ നീക്കം.

പ്രധാന നിര്‍ദ്ദേശങ്ങള്‍:

  • സാക്ഷ്യപത്രം നിര്‍ബന്ധം: സേനയില്‍ ചേരുന്ന ഉദ്യോഗസ്ഥര്‍ തങ്ങള്‍ ഫ്രീമേസണ്‍സ് അടക്കമുള്ള യാതൊരു സംഘടനകളിലും അംഗങ്ങളല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം.

  • രാഷ്ട്രീയ-രഹസ്യ ബന്ധങ്ങള്‍ പാടില്ല: നിലവിലുള്ള അംഗങ്ങളും തങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലോ രഹസ്യ സൊസൈറ്റികളിലോ (Secret Societies) ഭാഗമല്ലെന്ന് സെല്‍ഫ് ഡിക്ലറേഷന്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.

എന്താണ് ഫ്രീമേസണ്‍സ്?

പുരുഷന്മാര്‍ക്ക് മാത്രം അംഗത്വമുള്ള, നിഗൂഢതകള്‍ നിറഞ്ഞ ഒരു ആഗോള സോഷ്യല്‍ ക്ലബ്ബാണ് ഫ്രീമേസണ്‍സ്. പുറംലോകത്തിന് അജ്ഞാതമായ രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. അയര്‍ലണ്ടിലും ഇവര്‍ക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഐറിഷ്, ബ്രിട്ടീഷ് പ്രതിരോധ സേനകളില്‍ സേവനമനുഷ്ഠിച്ച പലരും ഈ സംഘടനയില്‍ അംഗങ്ങളാണ്. ഇത്തരം ബന്ധങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെ ബാധിക്കുമെന്ന ആശങ്കയാണ് വിലക്കിന് പിന്നില്‍.

ലണ്ടനിലെ കോടതി വിധി

നേരത്തെ ലണ്ടന്‍ മെറ്റ് പോലീസ് സമാനമായ വ്യവസ്ഥ കൊണ്ടുവന്നപ്പോള്‍ ഇംഗ്ലണ്ടിലെ യുണൈറ്റഡ് ഗ്രാന്‍ഡ് ലോഡ്ജ് ഇതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. മനുഷ്യാവകാശ ലംഘനവും ജിഡിപിആര്‍ (GDPR) നിയമങ്ങളുടെ ലംഘനവുമാണ് ഇതെന്നായിരുന്നു അവരുടെ വാദം. എന്നാല്‍, പോലീസിന്റെ സുതാര്യത ഉറപ്പാക്കാന്‍ ഇത്തരം ഡിക്ലറേഷനുകള്‍ അത്യാവശ്യമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

ഡാനിയേല്‍ മോര്‍ഗന്‍ കൊലപാതകവും അന്വേഷണ റിപ്പോര്‍ട്ടും

1987-ല്‍ ലണ്ടനില്‍ കൊല്ലപ്പെട്ട പ്രൈവറ്റ് ഡിറ്റക്ടീവ് ഡാനിയേല്‍ മോര്‍ഗന്റെ കേസ് ഈ നീക്കത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ കേസിലെ അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ അഴിമതിയും ഫ്രീമേസണ്‍സ് ബന്ധവും സംശയിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് വന്ന അന്വേഷണ റിപ്പോര്‍ട്ടിലാണ് ഉദ്യോഗസ്ഥരുടെ ഇത്തരം അംഗത്വങ്ങള്‍ പരസ്യമാക്കണമെന്ന ശുപാര്‍ശ ഉയര്‍ന്നുവന്നത്.