Sathyian Nedumancherriyil

Subject : രക്ഷപ്പെടുത്തിയവരുടെ പട്ടികയിൽ ബ്രിട്ടീഷ് ദുരിതാശ്വാസ പ്രവർത്തകനും; അധികൃതർക്ക് അബദ്ധം, നേപ്പാളിൽ മരണം 1000 കടന്നു!

രക്ഷപ്പെടുത്തിയവരുടെ പട്ടികയിൽ ബ്രിട്ടീഷ് ദുരിതാശ്വാസ പ്രവർത്തകനും; അധികൃതർക്ക് അബദ്ധം, നേപ്പാളിൽ മരണം 1000 കടന്നു!

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വൻ പ്രളയത്തിൽ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യാൻ എത്തിയ മുൻ ബ്രിട്ടീഷ് കൗൺസിലർ അലസ്റ്റെയർ ചേംബേഴ്സിനെ രക്ഷപ്പെടുത്തിയ സന്നദ്ധപ്രവർത്തകരുടെ പട്ടികയിൽ ഉൾപ്പെടുത്തി നേപ്പാൾ അധികൃതർ. തൃശൂലി നദിക്ക് സമീപമുള്ള ഗ്രാമത്തിൽ സ്ലീപ്പിംഗ് ബാബുകളും ഭക്ഷണവും വിതരണം ചെയ്ത ശേഷം ഹെലികോപ്റ്ററിൽ തലസ്ഥാനമായ കാഠ്മണ്ഡുവിൽ തിരിച്ചെത്തിയ 45-കാരനായ ചേംബേഴ്സിന്റെ വിവരങ്ങൾ പോലീസുകാർ ശേഖരിച്ചിരുന്നു. ഇതാണ് ഇദ്ദേഹത്തെ ‘രക്ഷപ്പെടുത്തിയ വിദേശി’ എന്ന പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടാൻ ഇടയാക്കിയത്.

നേപ്പാൾ സൈന്യം പുറത്തുവിട്ട 119 പേരുടെ രക്ഷപ്പെടുത്തിയവരുടെ പട്ടികയിൽ ഒരു ബ്രിട്ടീഷ് പൗരനും ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയതോടെ നിരവധി മാധ്യമപ്രവർത്തകർ ചേംബേഴ്സിനെ ബന്ധപ്പെട്ടു. എന്നാൽ താൻ അപകടത്തിൽപ്പെട്ടിട്ടില്ലെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എത്തിയതാണെന്നും അദ്ദേഹം തിരുത്തുകയായിരുന്നു. പ്രളയത്തിന് ശേഷം യുകെയിൽ നിന്നുള്ള 36 പൗരന്മാരെ കാണാതായതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രളയത്തിലും മണ്ണടിച്ചിലിലും നേപ്പാളിൽ മരിച്ചവരുടെ എണ്ണം 1,050 ആയി ഉയർന്നപ്പോൾ ടിബറ്റിൽ 66 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നാലായിരത്തിലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. 11,000-ത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി നേപ്പാൾ പ്രധാനമന്ത്രി ബാ ലെന്ദ്ര ഷാ വ്യക്തമാക്കി. ഇതിൽ 330 വിദേശ പൗരന്മാരും ഉൾപ്പെടുന്നുണ്ടെന്ന് ടൂറിസം ബോർഡ് അറിയിച്ചു.

ഹിമാലയത്തിലെ ഹിമാനി തകർന്നതിനെ തുടർന്ന് ഉണ്ടായ വൻ വെള്ളപ്പൊക്കവും ചെളിയൊഴുക്കുമാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. ഇതേതുടർന്ന് ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിയ 600-ഓളം തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള കടുത്ത തിരച്ചിൽ ദൗത്യം തുടരുകയാണ്. കാണാതായ സ്വന്തം പൗരന്മാരെ കണ്ടെത്താനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി യുകെ അടിയന്തര സഹായസംഘത്തെയും 5 ദശലക്ഷം പൗണ്ടിന്റെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.