യൂസ് ആൻഡ് ത്രോ ഇനി നടക്കില്ല; അയർലണ്ട് സർക്കുലർ ഇക്കണോമിയിലേക്ക്; ഉപകരണങ്ങൾ നന്നാക്കാൻ സർക്കാർ പണം നൽകും.
മാലിന്യമില്ലാത്ത അയർലണ്ട്; ‘സർക്കുലർ ഇക്കണോമി’യുമായി സർക്കാർ; ഇനി കേടായ ഉപകരണങ്ങൾ നന്നാക്കാൻ സർക്കാർ വൗച്ചറും.
ഡബ്ലിൻ: പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും നിർണ്ണായക ചുവടുവെപ്പുമായി അയർലണ്ട്. രാജ്യം പൂർണ്ണമായും സർക്കുലർ ഇക്കണോമിയിലേക്ക് (Circular Economy) മാറുന്നതിന്റെ ഭാഗമായുള്ള പുതിയ നയരേഖ ‘ആക്സിലറേറ്റിംഗ് ആക്ഷൻ’ (Accelerating Action) പുറത്തിറക്കി. പരിസ്ഥിതി മന്ത്രി ദാരാ ഒ ബ്രിയനും സഹമന്ത്രി അലൻ ഡില്ലണും ചേർന്നാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
ഉൽപ്പന്നങ്ങൾ വലിച്ചെറിയുന്നതിന് പകരം അവ വീണ്ടും ഉപയോഗിക്കുകയും (Reuse), അറ്റകുറ്റപ്പണി നടത്തി നിലനിർത്തുകയും (Repair), പുനരുൽപ്പാദിപ്പിക്കുകയും (Recycle) ചെയ്യുന്ന രീതിയാണിത്.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:
-
2030-ഓടെ മാറ്റം: നിലവിൽ 12% ഉള്ള സർക്കുലർ മെറ്റീരിയൽ ഉപയോഗ നിരക്ക് ഓരോ വർഷവും 2% വീതം വർദ്ധിപ്പിക്കുക.
-
ആറ് പ്രധാന മേഖലകൾ: നിർമ്മാണം, ബയോ ഇക്കണോമി, റീട്ടെയിൽ, പാക്കേജിംഗ്, തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് എന്നീ മേഖലകളിലാണ് പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ശ്രദ്ധേയമായ പദ്ധതികൾ:
1. നാഷണൽ പൈലറ്റ് റിപ്പയർ വൗച്ചർ സ്കീം: വീട്ടുപകരണങ്ങളോ ഇലക്ട്രോണിക്സ് സാധനങ്ങളോ കേടായാൽ പുതിയത് വാങ്ങുന്നതിന് പകരം അവ കുറഞ്ഞ ചെലവിൽ അറ്റകുറ്റപ്പണി ചെയ്യാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. സർക്കാർ നൽകുന്ന റിപ്പയർ വൗച്ചറുകൾ ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയിൽ ഉപകരണങ്ങൾ നന്നാക്കാം. 2028 വരെയാണ് ഈ സ്കീം ലക്ഷ്യമിടുന്നത്.
2. ഡിജിറ്റൽ പ്രോഡക്ട് പാസ്‌പോർട്ട്: നിങ്ങൾ വാങ്ങുന്ന ഉൽപ്പന്നം എത്രത്തോളം കാലം നിലനിൽക്കും, അത് പരിസ്ഥിതിക്ക് അനുയോജ്യമാണോ തുടങ്ങിയ വിവരങ്ങൾ അറിയാൻ ‘ഡിജിറ്റൽ പ്രോഡക്ട് പാസ്‌പോർട്ട്’ അവതരിപ്പിക്കും. തുണിത്തരങ്ങൾ, ഫർണിച്ചറുകൾ, ടയറുകൾ എന്നിവയിലാകും ഇത് ആദ്യം നടപ്പിലാക്കുക.
3. ഭക്ഷ്യമാലിന്യം 50% കുറയ്ക്കും: 2030-ഓടെ രാജ്യത്തെ ഭക്ഷ്യമാലിന്യം പകുതിയായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി റീട്ടെയിൽ മേഖലയിൽ അടുത്ത വർഷം മുതൽ ഉപഭോക്താക്കൾക്ക് സ്വന്തം കണ്ടെയ്നറുകൾ (Own containers) ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമാക്കും.
4. പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണം: 2029 ആകുമ്പോഴേക്കും ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണം 90 ശതമാനത്തിൽ എത്തിക്കും. കൂടാതെ പാക്കേജിംഗ് മാലിന്യങ്ങൾ 5% കുറയ്ക്കാനും ലക്ഷ്യമിടുന്നു.
5. ടെക്സ്റ്റൈൽ കളക്ഷൻ: പഴയ തുണിത്തരങ്ങൾ ശേഖരിക്കുന്നതിനായി 2030-ഓടെ രാജ്യവ്യാപകമായി പ്രത്യേക സംവിധാനം ഏർപ്പെടുത്തും.
പുനരുപയോഗിക്കുന്ന ഓരോ ടൺ വസ്തുക്കളും അന്തരീക്ഷത്തിലെ കാർബൺ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് മന്ത്രി ഒ ബ്രയാൻ അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി രാജ്യത്തുടനീളം റീസൈക്ലിംഗ് ഹബ്ബുകൾ സ്ഥാപിക്കുന്നതിനായി സർക്കാർ ധനസഹായം നൽകും