യുദ്ധഭീതിയിൽ ടെസ്കോ; വരും വർഷം ലാഭം കുറഞ്ഞേക്കുമെന്ന് സൂപ്പർമാർക്കറ്റ് ഭീമന്റെ മുന്നറിയിപ്പ്.
ലണ്ടൻ : മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്നുള്ള അനിശ്ചിതത്വം കാരണം വരും വർഷത്തിൽ ലാഭം കുറയാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് സൂപ്പർമാർക്കറ്റ് ഭീമനായ ടെസ്കോ (Tesco) മുന്നറിയിപ്പ് നൽകി. ഇറാൻ യുദ്ധസാഹചര്യങ്ങൾ എണ്ണ, ഗ്യാസ് വിലകളെയും വിതരണ ശൃംഖലയെയും ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടയിലാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. എന്നാൽ, നിലവിൽ ഭക്ഷ്യസാധനങ്ങളുടെ വിതരണത്തിൽ തടസ്സങ്ങളില്ലെന്നും സ്റ്റോക്കുകൾ സുരക്ഷിതമാണെന്നും ടെസ്കോ ചീഫ് എക്സിക്യൂട്ടീവ് കെൻ മർഫി വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ടെസ്കോയുടെ ലാഭം 8.5 ശതമാനം വർധിച്ച് 2.4 ബില്യൺ പൗണ്ടിലെത്തിയിട്ടുണ്ട്. വിൽപനയിൽ 4.3 ശതമാനം വർധന രേഖപ്പെടുത്തിയതോടെ 66.6 ബില്യൺ പൗണ്ടിന്റെ വിറ്റുവരവാണ് കമ്പനി നേടിയത്. മികച്ച നേട്ടത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് 65 മില്യൺ പൗണ്ടിന്റെ പ്രത്യേക പുരസ്കാരവും ഷെയർഹോൾഡർമാർക്ക് 937 മില്യൺ പൗണ്ട് ഡിവിഡന്റും കമ്പനി നൽകി. നിലവിൽ വിപണിയുടെ 28 ശതമാനത്തിലധികം വിഹിതം ടെസ്കോയ്ക്കുണ്ട്.
ഭക്ഷ്യവിലക്കയറ്റം 9 ശതമാനത്തിലെത്തുമെന്ന പ്രവചനങ്ങളെ കെൻ മർഫി തള്ളിക്കളഞ്ഞു. എങ്കിലും ആഗോള സാഹചര്യങ്ങൾ വേഗത്തിൽ മാറുന്നതിനാൽ വിലയുടെ കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെന്ന് അദ്ദേഹം സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ചെലവ് കുറയ്ക്കാനും ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. യുദ്ധസാഹചര്യങ്ങൾക്കിടയിലും ആളുകൾ ആരോഗ്യകരമായ ഭക്ഷണരീതികളിലേക്കും വീട്ടിലെ ഭക്ഷണത്തിലേക്കും മാറുന്നതായാണ് ടെസ്കോയുടെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ഓൺലൈൻ വിൽപനയിലും പ്രീമിയം ബ്രാൻഡ് വിൽപനയിലും വൻ വർധനയുണ്ടായിട്ടുണ്ട്.