യുകെ പോലീസിന്റെ അതീവ രഹസ്യ വിവരങ്ങൾ മൈക്രോസോഫ്റ്റ് ക്ലൗഡിൽ സുരക്ഷിതമല്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.
ലണ്ടൻ: യുകെയിലെ പോലീസിന്റെ അതീവ രഹസ്യ ഡാറ്റ മൈക്രോസോഫ്റ്റിന്റെ ‘അഷുർ’ (Microsoft Azure) ക്ലൗഡ് പ്ലാറ്റ്ഫോമിൽ സൂക്ഷിക്കുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണി ഉയർത്തുന്നതായി ആഭ്യന്തര സുരക്ഷാ വിലയിരുത്തൽ റിപ്പോർട്ട്. കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ, ഇരകളുടെ മൊഴികൾ, ആഭ്യന്തര ഇമെയിലുകൾ തുടങ്ങി നാൽപ്പതിലധികം പോലീസ് സേനകളുടെ രഹസ്യ വിവരങ്ങളാണ് നിലവിൽ ഈ ക്ലൗഡ് പ്ലാറ്റ്ഫോമിൽ സൂക്ഷിച്ചിരിക്കുന്നത്.
യു.എസ് കപനി ആയതിനാൽ അമേരിക്കൻ ക്ലൗഡ് ആക്ട് (US Cloud Act) അനുസരിച്ച് യുകെ പോലീസിന്റെ മുൻകൂറ അനുമതിയില്ലാതെ തന്നെ ഈ വിവരങ്ങൾ പരിശോധിക്കാൻ യു.എസ് ഭരണകൂടത്തിന് നിയമപരമായ അവകാശമുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് എൻജിനീയർമാർ സിസ്റ്റം അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുന്നത് വിവരങ്ങൾ ചോരാനും സൈബർ ആക്രമണങ്ങൾക്കും വഴിവെക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ, വിവരങ്ങൾ കടുത്ത എൻക്രിപ്ഷൻ സുരക്ഷയിലാണെന്നും യുകെ അതിർത്തിക്കുള്ളിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പോലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. അനുമതിയില്ലാതെ യുകെ സർക്കാരിന്റെ ഒരു ഡാറ്റയും ആഗോള അധികാരികൾക്ക് കൈമാറിയിട്ടില്ലെന്നും ക്ലൗഡ് പ്ലാറ്റ്ഫോമിന് സുരക്ഷാ വീഴ്ചകളില്ലെന്നും മൈക്രോസോഫ്റ്റും വ്യക്തമാക്കി.