Sathyian Nedumancherriyil

Subject : യുകെ ജനാധിപത്യത്തിൽ ‘ട്രംപ്’ ഇടപെടൽ; പബ്ലിക് എജ്യുക്കേഷന്റെ പേരിൽ ലക്ഷക്കണക്കിന് ഡോളർ ഗ്രാന്റുമായി ലണ്ടനിലെ യുഎസ് എംബസി!

യുകെ ജനാധിപത്യത്തിൽ ‘ട്രംപ്’ ഇടപെടൽ; പബ്ലിക് എജ്യുക്കേഷന്റെ പേരിൽ ലക്ഷക്കണക്കിന് ഡോളർ ഗ്രാന്റുമായി ലണ്ടനിലെ യുഎസ് എംബസി!

ലണ്ടൻ: യുകെയിലെ ആഭ്യന്തര രാഷ്ട്രീയത്തിലും ജനാധിപത്യ പ്രക്രിയകളിലും ഇടപെടാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്ക് മധ്യേ, യുകെയിൽ “പൊതുവിദ്യാഭ്യാസ” പരിപാടികൾ നടപ്പിലാക്കുന്നതിനായി അര മില്യൺ ഡോളർ വരെ ഗ്രാന്റ് പ്രഖ്യാപിച്ച് ലണ്ടനിലെ അമേരിക്കൻ എംബസി. പ്രോ-ട്രംപ് മഗ (MAGA) പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും ‘അഭിപ്രായ സ്വാതന്ത്ര്യം’, ‘പരിമിതമായ ഭരണകൂട അധികാരം’ എന്നിവ ആഘോഷമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കാണ് മുൻഗണന നൽകുന്നത്. ബ്രിട്ടീഷ് ജനാധിപത്യത്തിലേക്ക് അമേരിക്കൻ പണം ഉപയോഗിച്ച് ട്രംപ് ഭരണകൂടം നേരിട്ട് ഇടപെടുകയാണെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാക്കൾ വിമർശിച്ചു.

“ലിബർട്ടി അണ്ടർ ലോ: ദി ഷെയർഡ് ആംഗ്ലോ-അമേരിക്കൻ ട്രഡിഷൻ” എന്ന പേരിലാണ് ചാരിറ്റികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും എംബസി അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. വരും വർഷം റണ്ണിമീഡിൽ (Runnymede) മഗ്നാകാർട്ട സ്മാരകം നിർമ്മിച്ചതിന്റെ 70-ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. എന്നാൽ, ട്രംപ് ഭരണകൂടത്തോട് അനുഭാവം പുലർത്തുന്ന ബ്രിട്ടനിലെ തീവ്ര വലതുപക്ഷ സംഘടനകൾക്ക് യുകെ ആസ്ഥാനമായുള്ള അമേരിക്കൻ എംബസി വഴി ലക്ഷക്കണക്കിന് ഡോളർ സാമ്പത്തിക സഹായം നൽകാൻ പദ്ധതിയിടുന്നതായി ചോർന്ന യുഎസ് രേഖകളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

നീതിനിഷ്ഠമായ ഭരണഘടന, സ്വത്ത് അവകാശം, നിയമവാഴ്ച തുടങ്ങിയ വിഷയങ്ങളിൽ ഊന്നി പൊതുജനങ്ങളിൽ സ്വാധീനം ചെലുത്താൻ ഉതകുന്ന പ്രോഗ്രാമുകളാണ് എംബസി ലക്ഷ്യമിടുന്നത്. എന്നാൽ ചരിത്രപരമായി മഗ്നാകാർട്ടയും ജനാധിപത്യ അവകാശങ്ങളും ഏകാധിപത്യങ്ങൾക്കെതിരെയുള്ള പോരാട്ടമാണെന്നും, ട്രംപ് ഭരണകൂടത്തിന്റെ ഇത്തരം പ്രൊപ്പഗണ്ട പണം യുകെ രാഷ്ട്രീയത്തിലേക്ക് കടത്തിവിടേണ്ടതില്ലെന്നും ലിബറൽ ഡെമോക്രാറ്റ് എംപി ലിസ സ്മാർട്ട് തുറന്നടിച്ചു.

അതേസമയം, യുകെയിലെയും യുഎസ്സിലെയും ഭരണഘടനാ തത്വങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം വളർത്താനാണ് ഈ ഗ്രാന്റുകൾ നൽകുന്നതെന്നാണ് അമേരിക്കൻ എംബസിയുടെ വിശദീകരണം. ഇതിനുപുറമെ, ഇസ്രായേലിന്റെ നയങ്ങൾക്ക് യുകെയിൽ പിന്തുണ ഉറപ്പാക്കുക, ചൈനയുടെ കമ്പോള വെല്ലുവിളികളെ ചെറുക്കുക തുടങ്ങിയ യുഎസ് വിദേശനയങ്ങളെ പിന്തുണയ്ക്കാൻ പ്രേരിപ്പിക്കുന്ന പുതിയ പദ്ധതികൾക്കും എംബസി ഗ്രാന്റുകൾ അനുവദിക്കുന്നുണ്ട്. വിഷയത്തിൽ ബ്രിട്ടനിൽ കടുത്ത രാഷ്ട്രീയ ചർച്ചകളാണ് ഉയർന്നുവരുന്നത്.