Sathyian Nedumancherriyil

Subject : യുകെയിൽ വീണ്ടും വിസ പ്രതിസന്ധി; യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ റസിഡൻസി പദവി റദ്ദാക്കുന്നു.

യുകെയിൽ വീണ്ടും വിസ പ്രതിസന്ധി; യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ റസിഡൻസി പദവി റദ്ദാക്കുന്നു.

ലണ്ടൻ: ബ്രെക്സിറ്റിന് ശേഷം (Brexit) യുകെയിൽ തുടരാൻ അനുമതി ലഭിച്ച യൂറോപ്യൻ യൂണിയൻ (EU) പൗരന്മാരുടെ റസിഡൻസി അവകാശങ്ങൾ ആഭ്യന്തര മന്ത്രാലയം (Home Office) റദ്ദാക്കാൻ തുടങ്ങിയതോടെ ബ്രിട്ടനിൽ പുതിയ വിസ പ്രതിസന്ധി രൂപപ്പെടുന്നു. മുൻപ് റസിഡൻസി പദവി നൽകിയത് ‘അബദ്ധത്തിൽ’ (in error) ആണെന്ന് കാണിച്ച് നൂറിലധികം ആളുകൾക്കാണ് ഹോം ഓഫീസ് ഇതിനകം നോട്ടീസ് അയച്ചിരിക്കുന്നത്. അഞ്ച് വർഷത്തെ താൽക്കാലിക താമസത്തിന് ശേഷം (Pre-settled status) സ്ഥിരതാമസ പദവിയിലേക്ക് (Settled status) മാറാൻ തയാറെടുക്കുന്നവരെയാണ് ഈ തീരുമാനം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ പിൻവാങ്ങൽ കരാറുകളുടെ ലംഘനമാണിതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

ബ്രിട്ടീഷ് ആരോഗ്യ മേഖലയായ എൻ.എച്ച്.എസിൽ (NHS) ജോലി ചെയ്യുകയും പിഎച്ച്.ഡി ഗവേഷണം നടത്തുകയും ചെയ്യുന്ന ഗബ്രിയേല എന്ന പോർച്ചുഗീസ് യുവതിയുടെ ജീവിതം ഹോം ഓഫീസിന്റെ ഒരൊറ്റ കത്തുകൊണ്ട് പ്രതിസന്ധിയിലായിരിക്കുകയാണ്. യുകെയിൽ തുടരാനുള്ള തന്റെ നിയമപരമായ അവകാശം നഷ്ടമായാൽ ജോലി നഷ്ടപ്പെടുമെന്നും, വീട് വാടകയ്ക്കെടുക്കാനോ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാനോ കഴിയാത്ത വിധം കടുത്ത വിവേചനം നേരിടേണ്ടി വരുമെന്നും അവർ ഭയപ്പെടുന്നു.

യുകെയിൽ അഞ്ച് വർഷത്തിൽ താഴെ മാത്രം താമസിച്ച 10 ലക്ഷത്തിലധികം യൂറോപ്യൻ യൂണിയൻ പൗരന്മാർക്കാണ് ‘പ്രീ-സെറ്റിൽഡ് സ്റ്റാറ്റസ്’ ലഭിച്ചിരുന്നത്. ഇതിൽ 2020 ഡിസംബർ 31-ന് ശേഷം യുകെയിൽ എത്തിയവർ, കുട്ടികൾ എന്നിവരുൾപ്പെടെയുള്ളവരുടെ അപേക്ഷകൾ ഹോം ഓഫീസ് ഇപ്പോൾ വീണ്ടും പരിശോധിക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ മാത്രം 95 പേർക്ക് ഇത്തരത്തിൽ കത്തുകൾ ലഭിച്ചതായി ‘the3million’ എന്ന കാമ്പയിൻ ഗ്രൂപ്പ് വെളിപ്പെടുത്തി.

ഹോം ഓഫീസിന്റെ ഈ പുതിയ നയം യൂറോപ്യൻ യൂണിയൻ കരാറുകൾക്ക് വിരുദ്ധമാണെന്ന് സ്വതന്ത്ര നിരീക്ഷണ സമിതിയായ ഐ.എം.എ (IMA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പദവികൾ റദ്ദാക്കുന്നത് തികച്ചും ന്യായമായ കാരണങ്ങളാൽ മാത്രമായിരിക്കണം എന്ന വ്യവസ്ഥ ഹോം ഓഫീസ് ലംഘിക്കുകയാണെന്ന് സംഘടനകൾ കുറ്റപ്പെടുത്തുന്നു. എന്നാൽ വ്യക്തിഗത കേസുകളിൽ പ്രതികരിക്കില്ലെന്നാണ് ഹോം ഓഫീസിന്റെ നിലപാട്.