യുകെയിലെ പുതിയ ഇയു അംബാസഡറായി ജുക്ക സലോവാര ചുമതലയേറ്റു; യൂറോപ്യൻ യൂണിയനുമായുള്ള ഭാവി ബന്ധം പുനഃപരിശോധിക്കാൻ ഒരുങ്ങി ലേബർ സർക്കാർ!
ലണ്ടൻ : യുകെയിലെ പുതിയ യൂറോപ്യൻ യൂണിയൻ അംബാസഡർ ജുക്ക സലോവാര (Jukka Salovaara) ചുമതലയേറ്റു. ആൻഡി ബർഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ ലേബർ സർക്കാർ യൂറോപ്യൻ യൂണിയനുമായുള്ള ഭാവി ബന്ധം പുനഃപരിശോധിക്കുന്ന പശ്ചാത്തലത്തിൽ ഈ നിയമനത്തിന് വലിയ പ്രാധാന്യമുണ്ട്. യൂറോപ്യൻ യൂണിയനിലേക്ക് തിരികെ ചേരുന്നത് ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്നാണ് ബർഹാം വ്യക്തമാക്കിയിട്ടുള്ളത്. ലണ്ടനും ബ്രസ്സൽസും തമ്മിലുള്ള ആശയവിനിമയങ്ങൾ സുഗമമാക്കുന്നതിൽ താൻ ഒരു ‘ഫെസിലിറ്റേറ്റർ’ ആയി പ്രവർത്തിക്കുമെന്ന് 58 കാരനായ സലോവാര വ്യക്തമാക്കുന്നു.
ഫിൻലൻഡിന്റെ വിദേശകാര്യ മന്ത്രാലയത്തിലെ മുൻ പെർമനന്റ് സെക്രട്ടറിയും യുഎൻ അംബാസഡറുമായിരുന്ന സലോവാരയ്ക്ക് യൂറോപ്യൻ കമ്മീഷനുമായി പ്രവർത്തിക്കുന്ന ആദ്യ അനുഭവമാണിത്. 1990-കളിലെ ആത്മവിശ്വാസത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും കാലത്ത് അദ്ദേഹം ലണ്ടനിൽ ഫിൻലൻഡിന്റെ യൂറോപ്യൻ കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിൽ യുകെ യൂറോപ്യൻ യൂണിയന്റെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണെന്നും, പരസ്പര സഹകരണത്തിലൂടെയാണ് ഇതുവരെയുള്ള കരാറുകൾ ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നവംബറിൽ നടക്കാനിരിക്കുന്ന യുകെ-ഇയു ഉച്ചകോടിയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ, കാർബൺ എമിഷൻ ട്രേഡിംഗ് സ്കീം, യുവജന മൊബിലിറ്റി, സുരക്ഷ തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ ചർച്ചയാകും. അതിർത്തി പരിശോധനകൾ ഒഴിവാക്കാൻ പൊതുവായ മാനദണ്ഡങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം, യുവാക്കൾക്കായുള്ള ‘യൂത്ത് എക്സ്പീരിയൻസ് സ്കീം’ പദ്ധതിയിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. യുകെ പ്രതിവർഷം 50,000 സീറ്റുകൾ വാഗ്ദാനം ചെയ്തെങ്കിലും, ബ്രസ്സൽസ് 150,000 സീറ്റുകൾക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ട്.
യൂറോപ്യൻ യൂണിയനുമായുള്ള ഭാവി ബന്ധത്തിന്റെ രൂപരേഖ തയ്യാറാക്കേണ്ടത് യുകെയുടെ കൂടി ഉത്തരവാദിത്തമാണെന്ന് സലോവാര വ്യക്തമാക്കുന്നു. സിംഗിൾ മാർക്കറ്റ്, കസ്റ്റംസ് യൂണിയൻ തുടങ്ങിയ പരമ്പരാഗത മാതൃകകൾക്ക് പുറമെ അസോസിയേറ്റ് അംഗത്വം പോലുള്ള പുതിയ ആശയങ്ങളും ചർച്ചകളിൽ ഇടംപിടിക്കുന്നുണ്ട്. ഏതായാലും ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം വീണ്ടും സജീവ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.