Sathyian Nedumancherriyil

Subject : യുകെയിലെ ഉയർന്ന നികുതി ഭാരം; ലണ്ടനിലെ പ്രമുഖ റെസ്റ്റോറന്റുകൾ ദുബായിലേക്ക് ചേക്കേറുന്നു!

യുകെയിലെ ഉയർന്ന നികുതി ഭാരം; ലണ്ടനിലെ പ്രമുഖ റെസ്റ്റോറന്റുകൾ ദുബായിലേക്ക് ചേക്കേറുന്നു!

ലണ്ടൻ: ബ്രിട്ടനിലെ ഉയർന്ന നികുതി ഭാരവും (“ടാക്സ് സുനാമി”) അനുകൂലമല്ലാത്ത ബിസിനസ്സ് സാഹചര്യങ്ങളും കാരണം ലണ്ടനിലെ പ്രമുഖ റെസ്റ്റോറന്റുകൾ ദുബായ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നുവെന്ന് പ്രശസ്ത റെസ്റ്റോറേറ്റർ ജെയിംസ് റോബ്സൺ. ലണ്ടനിലെ മുൻനിര റെസ്റ്റോറന്റായ ‘ഫാലോയുടെ’ (Fallow) സഹ ഉടമയായ ജെയിംസ് റോബ്സൺ ഗൾഫിൽ പുതിയ ശാഖ ആരംഭിക്കാനുള്ള കരാറിൽ ഒപ്പുവെച്ചു. സ്കോട്ട്സ് (Scott’s), ജിംഖാന (Gymkhana), പാർക്ക് ചിനോയിസ് (Park Chinois) തുടങ്ങി നിരവധി പ്രശസ്ത ലണ്ടൻ റെസ്റ്റോറന്റുകൾ ഇതിനോടകം ദുബായിലും അബുദാബിയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

യുകെയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ 20% വാറ്റ് (VAT) നിരക്ക് യൂറോപ്പിലെ തന്നെ ഏറ്റവും ഉയർന്ന നിരപ്പാണെന്ന് ഷെഫുകൾ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പിലെ ശരാശരി നിരക്ക് 12% ആയിരിക്കെ, ബ്രിട്ടനിലെ ഉയർന്ന കോർപ്പറേഷൻ നികുതിയും ഡിവിഡൻഡ് നികുതിയും ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നത് അസാധ്യമാക്കുന്നുവെന്ന് റോബ്സൺ കുറ്റപ്പെടുത്തി. അടുത്ത ആഴ്ച അവതരിപ്പിക്കുന്ന ബജറ്റിൽ വാറ്റ് നിരക്ക് വെട്ടിക്കുറയ്ക്കണമെന്നാണ് വ്യവസായികളുടെ ആവശ്യം. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും വിദേശ രാജ്യങ്ങളിലെ ബിസിനസ്സ് അനുകൂല സാഹചര്യങ്ങളും മികച്ച തൊഴിൽ സംസ്കാരവുമാണ് സംരംഭകരെ ആകർഷിക്കുന്നത്.

എന്നാൽ ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും ആംനെസ്റ്റി ഇന്റർനാഷണൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാൻ യുകെ ബിസിനസുകൾ ബാധ്യസ്ഥരാണെന്ന് ആംനെസ്റ്റി ഡയറക്ടർ ഫെലിക്സ് ജേക്കൻസ് ഓർമ്മിപ്പിച്ചു. അതേസമയം, മധ്യേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ദുബായിലെ ചില റെസ്റ്റോറന്റുകൾ താൽക്കാലികമായി അടച്ചുപൂട്ടിയ സാഹചര്യങ്ങളും നിലവിലുണ്ട്. രാജ്യത്തിന് നികുതി നൽകുന്നതിൽ അഭിമാനമുണ്ടെങ്കിലും യുകെയിലെ നിലവിലെ നികുതി ഘടന ബിസിനസ്സ് വളർച്ചയ്ക്ക് വലിയ തിരിച്ചടിയാണെന്നാണ് സംരംഭകരുടെ പക്ഷം.