യുകെയിലെ ‘അതീജീവനത്തിന്റ കുരുന്നുകൾ’: പട്ടിണിയും ദുരിതവും വേട്ടയാടുന്നത് അഞ്ചിലൊന്ന് കുട്ടികളെ.
ലണ്ടൻ: കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബ്രിട്ടനിൽ നിലനിന്നിരുന്ന കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും (Austerity measures) ക്ഷേമപദ്ധതികളിലെ വെട്ടിക്കുറയ്ക്കലുകളും ഒരു തലമുറയെയാകെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ഓക്സ്ഫോർഡ് സർവകലാശാല നടത്തിയ പഠനമനുസരിച്ച്, 2013-ന് ശേഷം ജനിച്ച ബ്രിട്ടീഷ് കുട്ടികളിൽ 23 ശതമാനത്തിലധികം പേരും തങ്ങളുടെ കുട്ടിക്കാലത്തിന്റെ പകുതിയിലേറെ സമയവും പട്ടിണിയിലാണ് ചിലവഴിച്ചത്.
മുൻ കൺസർവേറ്റീവ് ഗവൺമെന്റുകൾ നടപ്പിലാക്കിയ കർശനമായ സാമ്പത്തിക പരിഷ്കാരങ്ങളാണ് ഈ ദുരവസ്ഥയ്ക്ക് നേരിട്ടുള്ള കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഗുണഭോക്താക്കളുടെ എണ്ണം കുറയ്ക്കുന്നതിനായി ഏർപ്പെടുത്തിയ ‘ടു-ചൈൽഡ് ലിമിറ്റ്’ (രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കൽ), ബെനഫിറ്റ് ക്യാപ് തുടങ്ങിയ നിയന്ത്രണങ്ങൾ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ബജറ്റിനെ തകർത്തു.
ഇത് കുട്ടികളുടെ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും ഭാവി ജീവിതസാധ്യതകളെയും ദോഷകരമായി ബാധിക്കുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. അതേസമയം, നിലവിലെ ലേബർ പാർട്ടി ഗവൺമെന്റ് ഈ പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വിവാദമായ ‘ടു-ചൈൽഡ് ബെനഫിറ്റ് ലിമിറ്റ്’ നിർത്തലാക്കിയതായും, സ്കൂളുകളിൽ സൗജന്യ പ്രഭാതഭക്ഷണവും കൂടുതൽ കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണവും ഉറപ്പാക്കുമെന്നും സർക്കാർ അറിയിച്ചു.
ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഏകദേശം 4,50,000 കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനാണ് ലേബർ ഗവൺമെന്റ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, 1990-കളുടെ അവസാനത്തിൽ ലേബർ ഗവൺമെന്റ് കൊണ്ടുവന്ന ക്ഷേമപദ്ധതികൾ കുട്ടിക്കാലത്തെ ദാരിദ്ര്യം പകുതിയോളം കുറയ്ക്കാൻ സഹായിച്ചിരുന്നു.
എന്നാൽ പിന്നീട് വന്ന കൺസർവേറ്റീവ് ഭരണകൂടങ്ങൾ വരുത്തിയ മാറ്റങ്ങൾ ഈ നേട്ടങ്ങളെ ഇല്ലാതാക്കിയെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ സെൽകുക്ക് ബെദുക് പറയുന്നത്. ശരിയായ നയരൂപീകരണത്തിലൂടെ മാത്രമേ ഒരു രാജ്യത്തെ ഭാവി തലമുറയെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിക്കാനാകൂ എന്നും ഈ റിപ്പോർട്ട് അടിവരയിടുന്നു.