യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ; വഴങ്ങുന്നില്ലെങ്കിൽ രാജ്യം ചാമ്പലാക്കുമെന്ന് ട്രംപിന്റെ ഭീഷണി.
ടെഹ്‌റാൻ: അമേരിക്കയുമായി പുതിയ റൗണ്ട് ചർച്ചകൾക്ക് തത്കാലം പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മുൻപ് ഒപ്പിട്ട കരാറുകൾ നടപ്പിലാക്കുന്നതിൽ വാഷിംഗ്ടൺ വീഴ്ച വരുത്തിയതായി വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് കുറ്റപ്പെടുത്തി. നയതന്ത്ര ചർച്ചകൾ നടന്നുകൊണ്ടിരിക്കെത്തന്നെ ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾ മറക്കാൻ കഴിയില്ലെന്നും, രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കം ഇറാനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇറാൻ തങ്ങളുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെട്ടിരുന്ന സമയത്താണ് ഈ ആക്രമണം നടന്നതെന്നത് ശ്രദ്ധേയമാണ്. അമേരിക്ക മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ ഗൗരവമില്ലാത്തതാണെന്നും ആവശ്യങ്ങൾ യാഥാർത്ഥ്യബോധമില്ലാത്തതാണെന്നും ഇറാൻ വക്താവ് പരിഹസിച്ചു. ഭീഷണികൾക്ക് മുന്നിൽ ഇറാൻ മുട്ടുമടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കടുത്ത ഭീഷണിയുമായി രംഗത്തെത്തി. തങ്ങൾ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ ഇറാന്റെ സിവിൽ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. “ഹോർമുസ് കടലിടുക്ക് തുറന്നു നൽകുകയും യുറേനിയം സമ്പുഷ്ടീകരണം നിർത്തുകയും വേണം. ഇത് വളരെ ന്യായമായ ഉടമ്പടിയാണ്. ഇതിന് തയ്യാറായില്ലെങ്കിൽ ഇറാന്റെ ഓരോ പവർ പ്ലാന്റുകളും ഓരോ പാലങ്ങളും ഞങ്ങൾ തകർക്കും,” ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.
നിലവിൽ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടിരിക്കുന്നത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. അമേരിക്കയുടെ ‘മാക്സിമലിസ്റ്റ്’ (അമിതമായ) ആവശ്യങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം യുദ്ധത്തിലേക്ക് നീങ്ങിയതോടെ മധ്യപൂർവേഷ്യയിൽ വീണ്ടും അശാന്തി പടരുകയാണ്.