Sathyian Nedumancherriyil

Subject : മൗസും കീബോർഡും ഇനി പഴങ്കഥ; വിപ്ലവകരമായ ‘സൂപ്പർചിപ്പ്’ അവതരിപ്പിച്ച് എൻവിഡിയ!.

മൗസും കീബോർഡും ഇനി പഴങ്കഥ; വിപ്ലവകരമായ ‘സൂപ്പർചിപ്പ്’ അവതരിപ്പിച്ച് എൻവിഡിയ!.

തായ്‌പേയ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചിപ്പ് വിപണിയിൽ ചരിത്രപരമായ ചുവടുവെപ്പുമായി പ്രമുഖ സെമികണ്ടക്ടർ കമ്പനിയായ എൻവിഡിയ (Nvidia). ലാപ്ടോപ്പുകളിലും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിലും നേരിട്ട് എഐ സാങ്കേതികവിദ്യ ലഭ്യമാക്കുന്ന ‘ആർടിഎക്സ് സ്പാർക്ക്’ (RTX Spark) എന്ന പുതിയ സൂപ്പർചിപ്പ് കമ്പനി പുറത്തിറക്കി. കമ്പ്യൂട്ടർ ഉപയോഗത്തിൽ മനുഷ്യൻ കാലങ്ങളായി ഉപയോഗിക്കുന്ന മൗസും കീബോർഡും മാറ്റിസ്ഥാപിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ സാങ്കേതികവിദ്യയെന്ന് കമ്പനി അവകാശപ്പെടുന്നു.

തായ്‌വാനിൽ നടന്ന കമ്പ്യൂട്ടെക്സ് (Computex) കോൺഫറൻസിൽ എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. മൈക്രോസോഫ്റ്റ് വിൻഡോസ് സോഫ്റ്റ്‌വെയറുമായി ചേർന്നാണ് ഈ ചിപ്പ് പ്രവർത്തിക്കുക. ക്ലൗഡ് കമ്പ്യൂട്ടിംഗിനെ ആശ്രയിക്കാതെ കമ്പ്യൂട്ടറുകളിൽ തന്നെ നേരിട്ട് എഐ ഏജന്റുകളെ പ്രവർത്തിപ്പിക്കാൻ ഇത് സഹായിക്കും. ഡെൽ, ലെനോവോ, അസൂസ്, എച്ച്പി തുടങ്ങിയ പ്രമുഖ കമ്പ്യൂട്ടർ നിർമ്മാതാക്കൾ ഈ വർഷം തന്നെ ഈ ചിപ്പ് ഉപയോഗിച്ചുള്ള ഡിവൈസുകൾ വിപണിയിലെത്തിക്കും.

എഐ സാങ്കേതികവിദ്യ വരുന്നതോടെ ലക്ഷക്കണക്കിന് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കകൾ അദ്ദേഹം പൂർണ്ണമായും തള്ളിപ്പറഞ്ഞു. എഐ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത കൂട്ടുമെന്നും, ഇത് കൂടുതൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഹുവാങ് വ്യക്തമാക്കി. ആപ്പിൾ, ഇൻറൽ, എഎംഡി തുടങ്ങിയ വമ്പൻമാരുമായി കടുത്ത മത്സരത്തിനാണ് എൻവിഡിയയുടെ ഈ പുതിയ നീക്കം വഴിതുറന്നിരിക്കുന്നത്.