മോസ്കോയെ ലക്ഷ്യമാക്കി വൻ ഡ്രോൺ ആക്രമണം; റഷ്യയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനിടെ രണ്ട് മരണം.
മോസ്കോ: റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാന ദിനത്തിൽ തലസ്ഥാനമായ മോസ്കോയ്ക്കും സമീപ പ്രദേശങ്ങൾക്കും നേരെ വ്യാപക ഡ്രോൺ ആക്രമണം. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മൊത്തം 1,600 ഡ്രോണുകൾ പ്രതിരോധ സംവിധാനങ്ങൾ വഴി തകർത്തതായും അതിൽ 450 എണ്ണം മോസ്കോയെ ലക്ഷ്യമിട്ടതാണെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഉക്രൈന്റെ ശ്രമമാണ് ഇതെന്ന് മോസ്കോ മേയർ സെർജി സോബിയാനിൻ ആരോപിച്ചു. ആക്രമണത്തെ തുടർന്ന് 21 നിലകളുള്ള കെട്ടിടത്തിൽ തീപിടുത്തമുണ്ടാവുകയും 400 ഓളം പേരെ ഒഴിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി റഷ്യയുടെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ട് ഉക്രൈൻ ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. റഷ്യൻ സൈന്യത്തിന്റെ പ്രധാന വരുമാന മാർഗ്ഗ തടസ്സപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ആക്രമണത്തെക്കുറിച്ച് ഉക്രൈൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഭരണത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന പാർട്ടികൾ മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പുടിന്റെ ‘യുണൈറ്റഡ് റഷ്യ’ പാർട്ടി തന്നെ അധികാരത്തിൽ തുടരുമെന്ന് ഉറപ്പാണെങ്കിലും, യുദ്ധത്തോടുള്ള ജനങ്ങളുടെ സമീപനം അളക്കുന്ന അളവുകോലായാണ് ഈ തിരഞ്ഞെടുപ്പിനെ ലോകം കാണുന്നത്.