മൃഗശാലയിൽ നടുക്കം: മൂന്ന് വയസുകാരനെ ചീങ്കണ്ണി ആക്രമിച്ചു; വധശ്രമത്തിന് ഒരാൾ അറസ്റ്റിൽ.
കേംബ്രിഡ്ജ്ഷെയർ: മൃഗശാലയിലെ ചീങ്കണ്ണിക്കൂട്ടിൽ വീണ മൂന്ന് വയസുകാരന് ചീങ്കണ്ണിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. യുകെയിലെ കേംബ്രിഡ്ജ്ഷെയറിലുള്ള ‘ജോൺസൺസ് ഓഫ് ഓൾഡ് ഹർസ്റ്റ്’ മൃഗശാലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായത്. കൂട്ടിൽ വീണ കുട്ടിയെ ചീങ്കണ്ണി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഉടൻ തന്നെ മൃഗശാലാ ജീവനക്കാർ ഇടപെട്ടാണ് കുട്ടിയെ പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വ്യോമമാർഗ്ഗം ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ നില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ വധശ്രമക്കുറ്റം ചുമത്തി നോർഫോക്കിൽ നിന്നുള്ള മുപ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇയാൾക്ക് ശാരീരികമായോ മാനസികമായോ ചോദ്യം ചെയ്യലിനെ നേരിടാനുള്ള ആരോഗ്യസ്ഥിതി ഇല്ലാത്തതിനാൽ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
അറസ്റ്റിലായ വ്യക്തിയും കുട്ടിയും തമ്മിൽ മുൻപരിചയമില്ലെന്നാണ് പ്രാഥമിക വിവരം. കുട്ടി എത്ര സമയം കൂടിനുള്ളിൽ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ചും അപകടം ഉണ്ടായ സാഹചര്യത്തെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. അപകടത്തെ തുടർന്ന് മൃഗശാലയിലെ ചീങ്കണ്ണിക്കൂടുകൾ സ്ഥിതി ചെയ്യുന്ന ‘ട്രോപ്പിക്കൽ ഹൗസ്’ താൽക്കാലികമായി അടച്ചുപൂട്ടിയിട്ടുണ്ട്. ആഫ്രിക്കൻ സിംഹം, ബംഗാൾ കടുവ ഉൾപ്പെടെ നൂറിലധികം മൃഗങ്ങളുള്ള ഒരു പ്രശസ്തമായ ഫാം ഹൗസ് കൂടിയാണ് ഈ മൃഗശാല.