മൃഗശാലയിലെ മുതലക്കൂട്ടിലേക്ക് എറിയപ്പെട്ട മൂന്ന് വയസ്സുകാരന് അഞ്ച് ശസ്ത്രക്രിയകൾ; ജീവനായി പോരാടി കുരുന്ന്
കേംബ്രിഡ്ജ്ഷെയർ: മൃഗശാലയിലെ മുതലകളുടെ കൂട്ടിലേക്ക് എറിയപ്പെട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസ്സുകാരൻ ഇതുവരെ അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയനായതായി കുടുംബം അറിയിച്ചു. യുകെയിലെ കേംബ്രിഡ്ജ്ഷെയറിലുള്ള ‘ജോൺസൺസ് ഓഫ് ഓൾഡ് ഹർസ്റ്റ്’ ഫാമിലും മൃഗശാലയിലുമായിരുന്നു ജൂൺ 18-ന് രാജ്യത്തെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കുഞ്ഞിന്റെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ഇതിനകം തന്നെ കാരുണ്യമനസ്കരായ പൊതുജനങ്ങൾ 25,000 പൗണ്ടിലധികം (ഏകദേശം 26 ലക്ഷത്തിലധികം രൂപ) ധനസഹായം സമാഹരിച്ചു നൽകിയിട്ടുണ്ട്.
കുഞ്ഞിന്റെ ആരോഗ്യനിലയിൽ ഇപ്പോഴും പൂർണ്ണമായ ഉറപ്പ് പറയാറായിട്ടില്ലെന്നും വരും ദിവസങ്ങളിൽ കുറഞ്ഞത് രണ്ട് ശസ്ത്രക്രിയകൾ കൂടി നടത്തേണ്ടതുണ്ടെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി കടുത്ത മാനസിക വിഷമത്തിലൂടെയും അനിശ്ചിതാവസ്ഥയിലൂടെയുമാണ് തങ്ങൾ കടന്നുപോകുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. കുഞ്ഞിന്റെ പുനരധിവാസ പ്രക്രിയ വളരെ നീണ്ടതാണെന്നും തങ്ങൾ രണ്ടുപേരും ഇപ്പോൾ ജോലിക്ക് പോകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവവുമായി ബന്ധപ്പെട്ട് നോർഫോക്കിൽ നിന്നുള്ള 30 വയസ്സുകാരനെ വധശ്രമക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാൾ മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നും പരിചാരകർക്കൊപ്പം മൃഗശാല സന്ദർശിക്കാൻ എത്തിയതാണെന്നും റിപ്പോർട്ടുകളുണ്ട്. ചോദ്യം ചെയ്യലിന് വിധേയനാകാൻ മാനസികമായി ഫിറ്റല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കുട്ടി മുതലയുടെ കൂട്ടിലേക്ക് വീണയുടൻ തന്നെ മുതലയുടെ ആക്രമണത്തിന് ഇരയാവുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നുവെന്ന് കേംബ്രിഡ്ജ്ഷെയർ പോലീസ് സ്ഥിരീകരിച്ചു.
കുഞ്ഞിനെ മുതലയുടെ വായിൽ നിന്നും സമയോചിതമായി രക്ഷപെടുത്തിയ മൃഗശാലയിലെ ജീവനക്കാർക്കും ഉടമസ്ഥർക്കും കുട്ടിയുടെ കുടുംബം ഹൃദയംഗമമായ നന്ദി അറിയിച്ചു. മൃഗശാലയുടെ സഹഉടമയായ ട്രേസി ജോൺസൺ ജീവൻ പോലും പണയം വെച്ച് മുതലയുടെ കൂട്ടിലേക്ക് ചാടിയാണ് കുട്ടിയെ രക്ഷപെടുത്തിയത്. സംഭവം നടന്നയുടൻ തന്നെ മൃഗശാലയിലുണ്ടായിരുന്ന ഓഫ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരും പാരാമെഡിക്കൽ ജീവനക്കാരും പ്രഥമശുശ്രൂഷ നൽകാൻ മുന്നോട്ട് വന്നതും എയർ ആംബുലൻസ് അടക്കമുള്ള അത്യാഹിത വിഭാഗം മിനിറ്റുകൾക്കകം സ്ഥലത്തെത്തിയതും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വലിയ കാരണമായെന്ന് മൃഗശാല അധികൃതർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.